Skip to main content
ന്യൂഡല്‍ഹി

modi with abbot

 

ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ സിവില്‍ സിവില്‍ ആണവ സഹകരണ കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിര്‍ണ്ണായക കരാര്‍ ഒപ്പിട്ടത്. ഇന്ത്യയ്ക്ക് ആണവോര്‍ജ ഉല്‍പ്പാദനത്തിനുള്ള യുറേനിയം വില്‍ക്കുന്നത് സാധ്യമാക്കുന്നതാണ് കരാര്‍.

 

ഹിന്ദു ദൈവങ്ങളുടെ രണ്ട് പ്രാചീന പ്രതിമകള്‍ കൂടിക്കാഴ്ചയില്‍ അബ്ബോട്ട് മോദിയ്ക്ക് കൈമാറി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന്‍ മോഷ്ടിച്ചതായി കരുതുന്ന ഈ പ്രതിമകള്‍ ആസ്ത്രേലിയയിലെ ആര്‍ട്ട് ഗ്യാലറികള്‍ വന്‍വില നല്‍കി വാങ്ങിയതായിരുന്നു. ഇവ തിരികെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിച്ച അബ്ബോട്ടിനോട് ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു.

 

യുറേനിയം വ്യാപാരവുമായി ബന്ധപ്പെട്ട് ഇന്ത്യയും ആസ്ത്രേലിയയും 2012 മുതല്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടാത്തതിനെ തുടര്‍ന്ന്‍ ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതിയ്ക്ക് ദീര്‍ഘകാലമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ആ വര്‍ഷമാണ്‌ ആസ്ത്രേലിയ നീക്കിയത്. യു.എസും ഇന്ത്യയും തമ്മില്‍ ഏര്‍പ്പെട്ട സിവില്‍ ആണവ സഹകരണ കരാറിനെ തുടര്‍ന്നാണ്‌ ആസ്ത്രേലിയ ഉള്‍പ്പെടെയുള്ള ആണവ വിതരണ സംഘം നിലപാട് പുന:പരിശോധിച്ചത്. യുറേനിയം സമാധാനപരമായ അവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്നുറപ്പ് വരുത്താന്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ സംതൃപ്തിയുണ്ടെന്ന് ആസ്ത്രേലിയയുടെ വ്യാപാര മന്ത്രി ആന്‍ഡ്ര്യൂ റോബ് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രസ്താവിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദക രാഷ്ട്രമാണ് ആസ്ത്രേലിയ.

 

ആണവോര്‍ജ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഈ കരാര്‍ നിര്‍ണ്ണായകമാണ്. നിലവിലുള്ള 20 ആണവ റിയാക്ടറുകള്‍ക്ക് പുറമേ 2032-ഓടെ ഏകദേശം 30 റിയാക്ടറുകള്‍ കൂടി സ്ഥാപിച്ച് 63,000 മെഗാവാട്ട് ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 4,780 മെഗാവാട്ട് മാത്രമാണ് ഇന്ത്യയുടെ ആണവോര്‍ജ ഉല്‍പ്പാദനം. ആകെ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ രണ്ട് ശതമാനം മാത്രമാണിത്.