Skip to main content
ടോക്യോ

modi at japan

 

മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങളും വേഗത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും ഉറപ്പ് നല്‍കി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ജപ്പാനിലെ വ്യവസായ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ജപ്പാന്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച വ്യവസായ നേതാക്കളുമായുള്ള ഒരു വിരുന്നില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു ഉത്തരവാദിത്വം ഇന്ത്യയ്ക്കും ജപ്പാനും ഉണ്ടെന്നും ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് ദിശ നല്‍കാന്‍ ഇരുരാജ്യങ്ങളിലേയും വ്യവസായികള്‍ക്ക് കഴിയുമെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ അതേ വേഗവും പ്രതികരണവും ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന്‍ പ്രതീക്ഷിക്കാമെന്ന് മോദി വാഗ്ദാനം നല്‍കി. ജപ്പാനില്‍ നിന്നുള്ള നിക്ഷേപ കാര്യങ്ങള്‍ക്കായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്നും മോദി പ്രഖ്യാപിച്ചു.

 

ഇന്ന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബേയ്ക്കൊപ്പം ഉച്ചകോടി തല ഉഭയകക്ഷി സംഭാഷണങ്ങള്‍ക്ക് മോദി നേതൃത്വം നല്‍കും. ചര്‍ച്ചകളില്‍ പ്രതിരോധം, ആണവം, അടിസ്ഥാന സൗകര്യം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.    

 

ഞായറാഴ്ച ജപ്പാന്റെ സ്മാര്‍ട്ട് നഗരം എന്ന് വിശേഷിപ്പിക്കുന്ന ക്യോടോവിലെ രണ്ട് പ്രാചീന ബുദ്ധക്ഷേത്രങ്ങള്‍ മോദി സന്ദര്‍ശിച്ചു. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന, ജപ്പാന്റെ പഴയ തലസ്ഥാനം കൂടിയായ ക്യോടോയുടെ സഹകരണത്തോടെ തന്റെ മണ്ഡലവും പൗരാണിക നഗരവുമായ വാരാണസിയെ സ്മാര്‍ട്ട് നഗരമായി വികസിപ്പിക്കാനുള്ള ഒരു കരാറില്‍ മോദിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പിട്ടുണ്ട്.   

 

പഞ്ചദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് മോദി ജപ്പാനില്‍ എത്തിയത്. സന്ദര്‍ശനത്തിന് ജപ്പാന്‍ നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തി പ്രധാനമന്ത്രി ഷിന്‍സൊ അബെ ക്യോടോവില്‍ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.