Skip to main content
ന്യൂഡല്‍ഹി

narendra modi

 

ആഗസ്ത് പതിനഞ്ചിലെ സ്വാതന്ത്ര്യദിന അഭിസംബോധനയ്ക്ക് മുന്‍പ് സാധ്യമായ ബജറ്റ് നിര്‍ദേശങ്ങള്‍ അടുത്ത ആഴ്ചകളില്‍ നടപ്പിലാക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. ബജറ്റിലെ പ്രമുഖ നിര്‍ദേശങ്ങളില്‍ സാധ്യമായവ ആഗസ്ത് പത്തിനകം നടപ്പിലാക്കി തുടങ്ങി റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്ത് നിര്‍ദേശം നല്‍കി.

 

പ്രധാനമന്ത്രി പദവിയില്‍ മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന അഭിസംബോധനയ്ക്കൊപ്പം മെയ് 26-ന് അധികാരമേറ്റ ശേഷം മോദി നടത്തുന്ന ആദ്യ പ്രധാന പ്രഭാഷണം കൂടിയായിരിക്കും ആഗസ്ത് പതിനഞ്ചിന് ചെങ്കോട്ടയില്‍ അരങ്ങേറുക. സര്‍ക്കാറിന്റെ നേട്ടങ്ങളുടെ പട്ടിക ഈ പ്രസംഗത്തില്‍ അണിനിരത്താനാണ് മോദിയുടെ ശ്രമം.  

 

ജൂലൈ പത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതുബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ നടപ്പാക്കല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) നേരിട്ട് നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ധനമന്ത്രാലയത്തിലെ ബജറ്റ് വിഭാഗം അടുത്ത ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പുരോഗതി റിപ്പോര്‍ട്ട് തേടുമ്പോഴാണ്‌ പല നിര്‍ദ്ദേശങ്ങളും വകുപ്പുകള്‍ നടപ്പിലാക്കി തുടങ്ങുക. ഈ അവസ്ഥ ഒഴിവാക്കലാണ് മോദി ലക്ഷ്യമിടുന്നത്.  

 

നയപരമായ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോഴും പി.എം.ഒയുടെ ഇടപെടല്‍ ഉണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയ മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ പ്രതിരോധ മേഖലയിലും റെയില്‍വേയിലും സമാന നടപടിയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നടപടികളും വേഗത്തിലാകും. ഇതിനായി നിര്‍നിക്ഷേപ വകുപ്പ് ഒരു കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഓഹരി വിറ്റഴിക്കലിലൂടെ 58,000 കോടി രൂപ സമാഹരിക്കാനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.