Skip to main content
തിരുവനന്തപുരം

 

കാര്‍ത്തികേയന്റെ രാജിയെത്തുടര്‍ന്ന്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂലൈ 29-ന് ഡല്‍ഹിക്കു പോകും. സ്പീക്കര്‍ സ്ഥാനത്തു നിന്നുള്ള ജി.കാര്‍ത്തികേയന്റെ രാജിയോടെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വഴി തുറന്നിരിക്കുകയാണ്. പുനഃസംഘടന ആവശ്യമാണെന്ന് കാണിച്ച് നേരത്തെതന്നെ മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു.

 

സംസ്ഥാന മന്ത്രിസഭ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ് സ്വകാര്യ സന്ദര്‍ശനത്തിന് പോയ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അടുത്തയാഴ്ച ആദ്യം മടങ്ങിയെത്തും. തുടര്‍ന്നായിരിക്കും പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചര്‍ച്ച. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡിന്റെ സമ്മതവും മുഖ്യമന്ത്രി തേടിയിരുന്നു. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി ചര്‍ച്ചാ വിഷയമാക്കുക.

 

സ്പീക്കര്‍ സ്ഥാനം രാജിവെച്ച കാര്‍ത്തികേയന് മാന്യമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ രംഗത്തെത്തി. ഇക്കാലം വരെയുളള പരിചയം വെച്ച് ഏതു സ്ഥാനത്തിനും കാര്‍ത്തികേയന്‍ അര്‍ഹനാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നിരുന്ന അദ്ദേഹം ഇക്കാലമത്രയും സ്പീക്കര്‍ സ്ഥാനമെന്ന ചില്ലു കൂട്ടിലിരിക്കുകയായിരുന്നുവെന്നും ഇങ്ങനെ എത്ര കാലം അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു. അതിനിടെ കാര്‍ത്തികേയനെ പിന്തുണച്ച് എക്സൈസ് മന്ത്രി കെ.ബാബുവും രംഗത്തത്തെി. സ്പീക്കര്‍ സ്ഥാനം രാജി വെച്ച് മന്ത്രിമാരായവരുടെ ചരിത്രം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags