അസ്സമിലെ ബക്സ ജില്ലയില്‍ തിങ്കളാഴ്ച അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയവരെന്ന് കരുതിയിരുന്ന മൂന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ ബേകി പുഴയില്‍ നിന്ന് ഞായറാഴ്ച കണ്ടെടുത്തതോടെ പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നടപടി.
കാണാതായ നാലുപേരില്‍ ഒരാളുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം കണ്ടെത്തിയതോടെ തന്നെ സല്‍ബാരി മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്ന് മേഖലയില്‍ ഞായറാഴ്ച കാലത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ വകവെക്കാതെ ജനങ്ങള്‍ കൂട്ടം കൂടിയതിനെ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചിരുന്നു.
മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പ്രദേശം സന്ദര്‍ശിച്ച് പരാതികള്‍ കേള്‍ക്കാതെ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പോലീസുകാരേയും സി.ആര്.പി.എഫ് ഭടന്മാരേയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തേയും ഒരുക്കിനിര്‍ത്തിയിരിക്കുകയാണ്.
