Skip to main content
ജക്കാര്‍ത്ത

joko widodoജക്കാര്‍ത്ത ഗവര്‍ണര്‍ ജോകോ ‘ജോകൊവി’ വിഡോഡോ ഇന്തോനേഷ്യയുടെ അടുത്ത പ്രസിഡന്റായേക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മനുഷ്യാവകാശ ലംഘന കുറ്റാരോപണങ്ങള്‍ നേരിടുന്ന മുന്‍ സൈനിക മേധാവി പ്രബോവോ സുബിയാന്തോ ആണ് ജനകീയ നേതാവെന്ന പ്രതിച്ഛായയുള്ള ജോകൊവിയുടെ പ്രധാന എതിരാളി. ഇന്ത്യയ്ക്കും യു.എസിനും പിന്നില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യമാണ് 18 കോടി വോട്ടര്‍മാരുള്ള ഇന്തോനേഷ്യ.

 

ജോകൊവിയുടെ പാര്‍ട്ടിയായ ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ട്രഗ്ള്‍ (പി.ഡി.ഐ-പി) നേതാവ് മേഘാവതി സുകര്‍ണ്ണോപുത്രി ത്വരിത വോട്ടെണ്ണല്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. 6,000 ദ്വീപുകളിലായി പരന്നുകിടക്കുന്ന ഇന്തോനേഷ്യയില്‍ ഫലമറിയാന്‍ ദിവസങ്ങള്‍ എടുക്കുമെങ്കിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകൃത ഏജന്‍സികള്‍ നടത്തുന്ന ത്വരിത വോട്ടെണ്ണല്‍ ഫലങ്ങള്‍ ഏറെക്കുറെ ഫലം കൃത്യമായി പ്രവചിക്കാറുണ്ട്. സ്വതന്ത്ര സംഘടനകള്‍ നടത്തിയ എക്സിറ്റ് പോളുകളിലും ജോകൊവി വ്യക്തമായ ലീഡ് നേടുമെന്നാണ് സൂചന.  

 

പ്രസിഡന്റ് പദവിയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയ നിലവിലെ പ്രസിഡന്റ് സുസിലോ യുധോയോനോയ്ക്ക് ഭരണഘടനാ അനുസരിച്ച് വീണ്ടും മത്സരിക്കാന്‍ ആകില്ല.