Skip to main content
ന്യൂഡല്‍ഹി

യു.പി.എ സര്‍ക്കാറിന്‍റെ പ്രധാന പദ്ധതിയായിരുന്ന ആധാര്‍ എന്‍.ഡി.എ സര്‍ക്കാറും തുടരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 65 കോടി ജനങ്ങളുള്ള ആധാര്‍ പദ്ധതിയില്‍ എത്രയും വേഗം നൂറ് കോടി ജനങ്ങളെ ഭാഗമാക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. പാചക വാതക സബ്സിഡി തുടര്‍ന്നും ആധാര്‍ വഴിയായിരിക്കും ലഭിക്കുക. ആധാറിനെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.

 

പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, ഏകീകൃത തിരിച്ചറിയില്‍ ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എന്‍.പി.ആര്‍) ആധാറുമായി ബന്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഉടന്‍ നടപ്പാകാന്‍ സാധ്യതയില്ല. പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എല്ലാവിധ പിന്തുണയും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

ആധാര്‍ അടക്കമുള്ള പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമുയര്‍ന്നിരുന്നു. 70 കോടി പേരെയാണ് ഇതിനകം ആധാറില്‍ പേരുചേര്‍ത്തത്. ഇതില്‍ 65 കോടി പേര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 80 ശതമാനം ആധാര്‍കാര്‍ഡ് വിതരണം ചെയ്ത രാജ്യത്തെ 300 ജില്ലകളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനും യോഗം നിര്‍ദേശിച്ചു.