ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദിയടക്കം 36 പേര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം പുറത്താക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ആളുകള്‍ക്ക് പ്രേരണ നല്കി എന്ന പേരിലാണ് ശിക്ഷാവിധി. മുമ്പ് വധശിക്ഷ വിധിച്ച പത്തുപേരുടെ ശിക്ഷ കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് പട്ടാളം അധികാരഭ്രഷ്ടനാക്കിയതിനെത്തുടര്ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം കൊടുത്തത് മുഹമ്മദ് ബെയ്ദിയാണെന്ന് കോടതി വ്യക്തമാകി. തുടര്‍ന്ന് പോലീസും ബ്രദര്‍ഹുഡുമായി നടന്ന ഏറ്റുമുട്ടലുകളില്‍ 1400-ലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഓഗസ്റ്റില്‍ ഒരുദിവസം മാത്രം 700 പേര് മരിച്ചിരുന്നു.
മുന്‍ പട്ടാളത്തലവനായ പുതിയ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി അധികാരമേറ്റശേഷം ബ്രദര്‍ഹുഡിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം മുര്‍സി സര്‍ക്കാരിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി ബ്രദര്‍ഹുഡ് നേതാക്കളെ ജയിലിലും അടക്കുകയുണ്ടായി. മാര്‍ച്ചില്‍ ഇതേ കുറ്റങ്ങള്‍ ചുമത്തി 529 പേര്‍ക്ക് വധശിക്ഷ വിധിച്ച നടപടിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അല്‍സിസി കൂടുതല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. ഭീകരരെ സഹായിച്ചു എന്നാരോപിച്ച് മൂന്ന് അല്‍ജസീറ ലേഖകരെ 10 വര്‍ഷം തടവിന് വിധിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്

