അഫ്ഗാനിസ്ഥാനില്‍ വിമാനത്താവളത്തിന് നേരെ താലിബാന് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. കാബൂളില്‍ നിന്നും ഡല്‍ഹിയേക്ക് വരികയായിരുന്ന സ്പൈസ് ജറ്റ് വിമാനമാണ് രക്ഷപെട്ടത്. 100 ലേറെ യാത്രക്കാരുമായി വെളളിയാഴ്ച ഉച്ചക്ക് വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്ര തുടര്‍ന്ന വിമാനം സുരക്ഷിതമായി ഡല്‍ഹിയിലെത്തിയതായി സ്പൈസ് ജറ്റ് വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പിനെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. നാറ്റോയുടേത് അടക്കമുള്ള സൈനിക ക്യാമ്പുകള്‍ കാബൂള്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സ്പൈസ് ജെറ്റിനു പുറമേ എയര്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

