Skip to main content
തിരുവനന്തപുരം

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മ്മിളാ ദേവിയെ സ്ഥലംമാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കും. അധ്യാപികയോട് സര്‍ക്കാറിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അധ്യാപിക നല്‍കിയ പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.   

 

സ്ഥലംമാറ്റത്തെ കുറിച്ച് വെള്ളിയാഴ്ച ഊര്‍മ്മിളാദേവി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രത്യേക സബ്മിഷന്‍ ആയി വിഷയം അവതരിച്ചപ്പോള്‍ അധ്യാപികയ്ക്ക് തനിക്ക് അപ്പീല്‍ നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടണ്‍ഹില്‍ സ്കൂളില് തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഊര്‍മ്മിളാദേവി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.

 

 ഊര്‍മ്മിളാദേവിക്കെതിരേയുള്ള നടപടി ഓർമ്മപ്പെടുത്തുന്നത് 

 

തലച്ചോറിന് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന്‍ പരാതിയില്‍ ഊര്‍മ്മിളാദേവി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും അധ്യാപിക വ്യക്തമാക്കി.  

 

ജൂണ്‍ 16-ന് സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയത്. സ്കൂളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടന ചടങ്ങില്‍ അധ്യയന സമയത്ത് ഇത്തരം പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍ മന്ത്രി സദസ്സിലിരിക്കെ ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു.

 

വിഷയം കഴിഞ്ഞ മൂന്ന്‍ ദിവസവും നിയമസഭയില്‍ ചര്‍ച്ചയായിരുന്നു. ബുധനാഴ്ച സഭ സ്തംഭിക്കുകയും ഇന്നലെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.