Skip to main content
തിരുവനന്തപുരം

salim rajമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പരാതിപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു. സി.ബി.ഐയുടെ പരാതി നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‍ പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തി.

 

ഹര്‍ജി പിന്‍വലിച്ചതല്ലെന്നും ഹര്‍ജിയിലെ തെറ്റ് തിരുത്താനായി ഹൈക്കോടതി രജിസ്ട്രിയില്‍ നിന്ന്‍ തിരികെ എടുത്തതാണെന്നുമുള്ള വിശദീകരണമാണ് സി.ബി.ഐ അഭിഭാഷകന്‍ നല്‍കിയത്. തിരുവനന്തപുരത്ത് കടകംപള്ളിയിലെ ഭൂമിതട്ടിപ്പു കേസിലാണ് സലിം രാജിനെതിരെ സിബിഐ അന്വേഷണം നടക്കുന്നത്. ഈ കേസില്‍ അന്വേഷണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയപരിധിയ്ക്കകം അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ജൂണ്‍ 20-നു സി.ബി.ഐ ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്‍പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മാര്‍ച്ച് 28-നു ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.  

 

കേസിലെ സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എം.എല്‍.എ വി. ശിവൻകുട്ടി സഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി ആരാഞ്ഞു. വിഷയത്തില്‍ അഡ്വക്കെറ്റ് ജനറലിന്റെ ഓഫീസ് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ഡപ്യൂട്ടി കലക്ടര്‍ പ്രസന്ന കുമാറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.  

 

എന്നാല്‍,  കേസില്‍ സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അറിയിച്ചു. കോടതിയില്‍ ഉന്നയിക്കാത്ത പരാതിയാണ് ഇപ്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags