സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അസ്സമില്‍ പോലീസ് സൂപ്രണ്ടും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. അസ്സം-മേഘാലയ അതിര്‍ത്തിയില്‍ കര്‍ബി ആങ്ങ്ലോങ്ങ് ജില്ലയിലെ ഹമ്രേനിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. വിഘടനവാദ സംഘടനകളായ കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്സ്, യുണൈറ്റഡ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രന്റ് എന്നീ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
ഖണ്ടൂലി മേഖലയിലെ സായുധരായ തീവ്രവാദികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹമ്രെന്‍ എസ്.പി നിത്യാനന്ദ ഗോസ്വാമിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘത്തിനു നേരയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് ആണ് സംഭവം ഉണ്ടായതെങ്കിലും വിജനവും ദുഷ്കരവുമായ വനമേഖലയില്‍ നിന്ന് ഗോസ്വാമി (58)യുടേയും അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന രതുല്‍ നുനിസ (35)യുടേയും മരണം തലസ്ഥാനമായ ഗുവാഹത്തിയില്‍ എത്തിയപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞു.
തീവ്രവാദികള്‍ക്കെതിരെയുള്ള പോലീസ് നടപടി തുടരുകയാണ്. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരെന്‍ റിജു ഗുവാഹത്തിയില്‍ എത്തിയിട്ടുണ്ട്.
കര്‍ബി ഗോത്രവര്ഗ്ഗത്തില് പെടുന്നവര്‍ക്ക് സ്വയം നിര്‍ണ്ണയ അവകാശം ആവശ്യപ്പെട്ട് പോരാടുന്ന തീവ്രവാദ സംഘടനകള്‍ നിരന്തരം ആക്രമണം നടത്തിവരുന്ന പ്രദേശമാണ് അസ്സമിലെ ഏറ്റവും വലിയ ജില്ലയായ കര്‍ബി ആങ്ങ്ലോങ്ങ്.
