Skip to main content
കാബൂള്‍

obama visits afganistanയു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. വടക്കന്‍ കാബൂളിലെ ബഗ്രാമിലുള്ള പ്രധാന യു.എസ് താവളത്തില്‍ ഞായാറാഴ്ച വൈകിട്ടാണ് ഒബാമ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുകയും പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കുകയുമായിരുന്നു ഒബാമയുടെ ആഗമനോദ്ദേശ്യമെന്നറിയുന്നു.

 

അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായോ അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികളുമായോ ഒബാമ കൂടിക്കാഴ്ച നടത്തില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍സായി തിങ്കളാഴ്ച ഇന്ത്യയിലേക്ക് തിരിക്കുകയാണ്.

 

നാല്-അഞ്ച് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ 2014-ല്‍ നിശ്ചയിച്ചിരിക്കുന്ന അഫ്ഗാനില്‍ നിന്നുള്ള യു.എസ് സൈനികരുടെ പിന്മാറ്റം സംബന്ധിച്ചും ഒബാമ പ്രസ്താവനയൊന്നും നടത്തിയില്ല. എന്നാല്‍, ചില പ്രധാന തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഒബാമ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ചുരുങ്ങിയ എണ്ണം യു.എസ് സൈനികര്‍ക്ക് അഫ്ഗാനില്‍ 2014-ന് ശേഷവും തുടരാവുന്ന രീതിയില്‍ ഒരു ഉഭയകക്ഷി സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ കര്‍സായിയ്ക്ക് മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, തീരുമാനം അടുത്ത പ്രസിഡന്റ് എടുക്കട്ടെ എന്ന നിലപാടാണ് കര്‍സായി സ്വീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അബ്ദുള്ള അബ്ദുള്ളയും അഷ്‌റഫ്‌ ഘനി അഹമ്മദ്സായിയും കരാര്‍ ഒപ്പിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 33,500 യു.എസ് സൈനികരടക്കം 51,000 നാറ്റോ സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉള്ളത്.