Skip to main content
വാരാണസി

ajay raiതിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന വാരാണസി ലോകസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചതിനും മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചതിനും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ പരാതി നല്‍കുകയോ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വരണാധികാരിയോട് നിര്‍ദ്ദേശിച്ചിരുന്നു.

 

അതേസമയം, വോട്ടെടുപ്പ് ദിവസം വീഡിയോ സന്ദേശം നല്‍കിയ വാരാണസിയില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത പരസ്യം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എ.ഐ.എസി.സി വക്താവ് അജയ് മാക്കന്‍ ആരോപിച്ചു.  

 

തന്റെ വസ്ത്രത്തില്‍ പാര്‍ട്ടി ചിഹ്നമായ കൈപ്പത്തി അടയാളം പതിപ്പിച്ചാണ് റായി വോട്ടു ചെയ്യാനെത്തിയത്. ഇത് വോട്ടെടുപ്പ് ദിവസം ബൂത്ത്‌ പരിസരത്ത് പ്രചാരണം നടത്തുന്നത് നിരോധിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 126, 130 വകുപ്പുകളുടെ ലംഘനമാണെന്ന് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി എന്ന നിലയില്‍ ചിഹ്നം ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണ് റായിയുടെ വാദം.

 

ഏപ്രില്‍ 30-ന് നടന്ന ഗുജറാത്തിലെ വോട്ടെടുപ്പില്‍ വോട്ടു ചെയ്തതിന് ശേഷം ബൂത്തിന് പുറത്ത് ചിഹ്നം പ്രദര്‍ശിപ്പിച്ച് തന്റെ ചിത്രം എടുക്കുകയും മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്ത നരേന്ദ്ര മോഡിയുടെ നടപടി വിവാദമായിരുന്നു.