തായ്‌ലന്ഡ് പ്രധാനമന്ത്രി യിങ് ലക് ഷിനവത്രയെ ഭരണഘടനാക്കോടതി പുറത്താക്കി. ഷിനവത്രയുടെ മന്ത്രിസഭയിലെ അംഗങ്ങളോടും സ്ഥാനം ഒഴിയാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിവാതുമ്രോഗ് ബൂണ്‍സോഗ്പൈസാനെ പുതിയ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. അധികാര ദുര്‍വിനിയോഗക്കേസില്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിനാലാണ് ഷിനവത്രയെ കോടതി പുറതാക്കിയത്. എന്നാല്‍ യിങ് ലക് ഷിനവത്ര തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ നിരസിച്ചു.
ഷിനവത്രയുടെ ഭരണകാലം കഴിഞ്ഞുവെന്നും ഇനി കാവല്‍ പ്രധാനമന്ത്രിയായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി വിലയിരുത്തി. മന്ത്രിസഭയിലെ ഒന്‍പതു അംഗങ്ങളോട് സ്ഥാനം ഒഴിയാനും കോടതി നിര്‍ദേശിച്ചു. 2013 നവംബര്‍ മുതല്‍ ഷിനവത്രക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ നിരന്തരം സമരം നടത്തിവരികയാണ്. ആഭ്യന്തര, കൃഷി, ഗതാഗത, ടൂറിസം മന്ത്രാലയങ്ങള്‍ കൈയേറിയ സമരക്കാര്‍ക്കെതിരെ ആഭ്യന്തരസുരക്ഷാ നിയമം ഏര്‍പ്പെടുത്തി. കൂടാതെ ചില സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
അഴിമതി അടക്കമുള്ള കേസുകളില്‍ ശിക്ഷ നേരിട്ട് രാജ്യത്തിന് പുറത്ത് കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും സഹോദരനുമായ താക്സിന്‍ ഷിനവത്രയ്ക്ക് മാപ്പ് നല്‍കാനുള്ള നടപടികള്‍ യിങ് ലക് ഷിനവത്ര ആരംഭിച്ചതോടെയാണ് കഴിഞ്ഞ നവംബറില്‍ പ്രക്ഷോഭം ആരംഭിച്ചത്. 2006-ലാണു താക്‌സിനെ സൈന്യം അട്ടിമറിച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടവ് ഒഴിവാക്കാന്‍ ദുബായിയില്‍ സ്വയം പ്രഖ്യാപിത പ്രവാസത്തില്‍ കഴിയുകയാണ് താക്സിന്‍.

