Skip to main content
കടകംപള്ളി

 

മുഖ്യമന്ത്രിയും മുന്‍ ഗണ്‍മാന്‍ സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സലിം രാജിനെതിരായ തട്ടിപ്പു കേസുകള്‍ വൈകിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്നും തനിക്കു തന്നെ ദോഷമാകുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി സലിം രാജിനെ സഹായിക്കാന്‍ ശ്രമിച്ചുവെന്നും വി.എസ് പറഞ്ഞു. കടകം പള്ളി ഭൂമി തട്ടിപ്പിന് ഇരയായവര്‍ കടകംപള്ളി വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിവന്ന ഒന്നാംഘട്ട സമരം അവസാനിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുഖ്യമന്ത്രിയും സലിം രാജും തമ്മിലുള്ള ബന്ധം കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടാണ് സലിം രാജിനെ താന്‍ ഗണ്‍മോന്‍ എന്നുവിളിക്കുന്നതെന്നും വി.എസ് പറഞ്ഞു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി സലിം രാജിനെ സഹായിച്ചുവെന്നും വി.എസ് ആരോപിച്ചു. സമരത്തിന്‍റെ അടുത്ത ഘട്ടം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റണമെന്നും എല്ലാ വിധ പിന്തുണയും തന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും വി.എസ് പറഞ്ഞു.