Skip to main content

 

മുതിർന്നവർക്ക് കുട്ടികളെ കാണുമ്പോൾ കൗതുകം വരിക തികച്ചും സ്വാഭാവികം. അനുഭവപ്പെടുന്ന കൗതുകം പലർക്കും പ്രകടമാക്കാൻ പ്രയാസമാണ്. അത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെ കാണുമ്പോൾ താരതമ്യേനെ പുരുഷന്മാരേക്കാൾ സ്വാഭാവികതയോടെ കുഞ്ഞുങ്ങളുമായി സംവദിക്കുന്നത് കാണാം. അവർ പലപ്പോഴും കൈനീട്ടി വിളിക്കുന്നതു കാണുമ്പോൾ കുഞ്ഞുങ്ങൾ കൗതുകപൂർവ്വം അവരെ വീക്ഷിക്കുന്നതു കാണാം. ആ കൈനീട്ടൽ കണ്ട് എടുത്തുചാടി പോയില്ലെങ്കിലും അവർ സാകൂതം നോക്കിയിരിക്കും. എടുക്കാനുള്ള ശ്രമം നടത്തുന്ന പക്ഷം അവർ തല തിരിച്ചെന്നിരിക്കും. ഒരുപക്ഷേ തന്റെ അമ്മയുടേതിന് സമാനമായ പരിചിതമായ പെരുമാറ്റവും ഊർജ്ജപ്രവാഹവും അനുഭവപ്പെടുന്നതിനാലാവും അവർ പരിചിതഭാവത്തോടെ ഇവ്വിധം നോക്കുന്നത്. കൈനീട്ടുന്ന സ്ത്രീകൾക്കും ഈ കുഞ്ഞിനോട് അപരിചിതത്വമൊന്നുമുണ്ടാവില്ല. അതിന്റെ കാരണം വിശദീകരിക്കേണ്ടതുമില്ല. എന്നാൽ ചിലപ്പോൾ ആണങ്ങളെ കാണുമ്പോൾ അതാവില്ല അവസ്ഥ. കുട്ടികളോട് വളരെ സൗമ്യമായി പെരുമാറണമെന്നും മറ്റും അറിയാം. എന്നാൽ ആ കുഞ്ഞിന് കൗതുകകരമായ രീതിയിൽ തോന്നിയേക്കാവുന്ന വിധം പെരുമാറാൻ പലപ്പോഴും പലർക്കും പറ്റാതെ വരുന്നു. തന്നെ നിഷ്കളങ്കമായി നോക്കുന്ന കുഞ്ഞിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങുന്ന ആൺകേസരിമാരുടെ മുഖം ചിലപ്പോൾ കാണാവുന്നതാണ്. എന്തെങ്കിലും കുഞ്ഞിനോട് ചോദിച്ചില്ലെങ്കിൽ പോരായ്മയായിപ്പോകും എന്ന ചിന്തയുടെ അലട്ടലുകൊണ്ട് ചിലർ ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളോട് വളരെ ഗൗരവത്തിൽ പേര് ചോദിക്കും. ആ ചോദ്യം കേൾക്കുമ്പോൾ തന്നെ കുഞ്ഞ് വിരണ്ടുപോകും. അപ്പോഴാകും അമ്മയുടെ ഇടപെടൽ. കുഞ്ഞ് തന്റെ പേര് മണിമണിയായി പറയാറുണ്ട്. അതുപോലെ മിടുക്കിയായിട്ടോ മിടുക്കനായിട്ടോ പറയിക്കാൻ അമ്മ ശ്രമം തുടങ്ങും. ഇതു പൊതുവായ സംഗതിയാണ്.

 

ഇതേ രംഗം ഒരു വീടിനു മുന്നിൽ വച്ച് ആവർത്തിക്കപ്പെട്ടു. അതിഥി സിറ്റൗട്ടിൽ വച്ച് കുഞ്ഞിനോട് പേര് ചോദിച്ചു.  പേര് പറ, പേര് പറ മോളൂ എന്ന് അമ്മ ധൃതിയോടെ കുഞ്ഞിനെ നിർബന്ധിച്ചു. അതുവരെ കളിച്ചുകൊണ്ടു നിന്ന കുഞ്ഞ് പരിചയമില്ലാത്ത അതിഥിയുടെ വരവിൽ അൽപ്പമൊന്ന് ഒതുങ്ങിയതാണ്. കുഞ്ഞ് പേര് പറഞ്ഞില്ലെങ്കിൽ തനിക്ക് എന്തെങ്കിലും കുറച്ചിൽ വരുമോ എന്ന ധാരണയ്ക്ക് വശംവദയായ വിധമായിരുന്നു അമ്മയുടെ വെപ്രാളം. കുഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അമ്മയുടെ സമ്മർദ്ദവും അതിന് ശക്തിപോരാ എന്ന തോന്നലിൽ അതിഥിയും കുഞ്ഞിനുമേൽ സമ്മർദ്ദം ചെലുത്തി. ഒടുവിൽ അമ്മ അവസാനത്തെ ആയുധമെടുത്തു. ആ പറച്ചിൽ കേട്ടിടത്തോളം അത് എപ്പോഴും ഉപയോഗിക്കുന്ന ആയുധമെന്നാണ് തോന്നിയത്. -മോശം കുട്ടികളാ പേര് പറയാതിരിക്കുന്നെ. നല്ല കുട്ടികള് പേര് പറയും. മോളുടെ പേര് പറ. - അമ്മ പറഞ്ഞു കഴിഞ്ഞതും കുഞ്ഞ് അകത്തേക്ക് കടന്നു. കുറേക്കഴിഞ്ഞ് അമ്മ അകത്തേക്കു ചെന്നപ്പോൾ കുഞ്ഞ് അവിടെ കളിപ്പാട്ടവും പിടിച്ചു നിൽപ്പാണ്. അമ്മയെ കണ്ട മാത്രയിൽ അമ്മയോട് തന്റെ പേര് പറഞ്ഞു. ഉടൻ വന്നു പ്രതികരണം. ഇപ്പോഴാണോ പേര് പറയുന്നെ. അപ്പോ ചോദിച്ചപ്പോ വേണ്ടയോ പറയാൻ. കുഞ്ഞ് വീണ്ടും തന്റെ പേര് ആവർത്തിച്ചുകൊണ്ടിരുന്നു.

 

രണ്ടു വയസ്സുതികയാത്ത ആ കുഞ്ഞിന്റെ മനസ്സിന്റെ താരതമ്യേന വൃത്തിയായി കിടക്കുന്ന പ്രതലത്തിലേക്ക് അടിസ്ഥാനത്തിന്റെ കട്ടകൾ അടുക്കും പോലെയൊരു ധാരണ വീണുപതിഞ്ഞതിന്റെ വേദനയാണ് ഉള്ളിൽ ചെന്ന് അമ്മയെ കാത്തു നിന്ന് മന:പൂർവ്വം പേര് പറഞ്ഞത്. പേര് പറയാത്ത പക്ഷം താൻ മോശയാകുന്നു എന്ന അറിവാണ് തിരിച്ചറിവിലേക്ക് പിച്ചവെച്ച് നീങ്ങുന്ന ആ കുഞ്ഞിന്റെ ഉള്ളിൽ വീണത്. വളരെ പച്ചയായി പറഞ്ഞാൽ രണ്ടുവയസ്സു തികയാത്ത കുഞ്ഞിനോട് അതിന്റെ അതുവരെയുള്ള ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി താൻ മോശമാണെന്ന് പറയുന്നു. അത് വിശ്വസിക്കാതിരിക്കേണ്ട കാര്യമുണ്ടോ, ഇല്ല. ആ കുഞ്ഞിൽ ജീവിതാവസാനം വരെ  അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആ തോന്നൽ മാറാതെ കിടക്കും, അതിന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന പ്രേരണാഘടകമായി. 

 

കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോൾ നമുക്ക് സുഖം ലഭിക്കാറുണ്ട്. അത് മുതിർന്നവർക്ക് അവകാശപ്പെട്ടതുമാണ്. ആ സുഖം കുഞ്ഞുങ്ങൾക്കും സുഖകരമാകുമ്പോഴാണ് സുഖമായി മാറുന്നത്. അല്ലെങ്കിൽ മുതിർന്നവരുടെ ജുഗുപ്സാവഹമായ സ്വാർഥതയുടെ പ്രതിഫലനമായേ കലാശിക്കുകയുള്ളു. തന്റെ കുഞ്ഞ് അതിഥിയോട് മിടുക്കിയായി പേരുപറയുമ്പോൾ അത് തന്റെ സുഖമാണെന്ന് അറിയുന്നു. ആ സുഖം നഷ്ടമാകുമോ എന്ന പേടിയാണ് തന്റെ കുഞ്ഞിനെക്കൊണ്ട് പേര് പറയിപ്പിക്കാനുള്ള അമ്മയുടെ വെമ്പൽ. ഒരു കുഞ്ഞിനെ മനസ്സിലാക്കി അതിനോട് സംവദിക്കാൻ കഴിയാതെ വന്ന ജളതയിൽ നിന്നോ ആംഗലേയത്തിൽ പറഞ്ഞാൽ ഇൻഹിബിഷനിൽ നിന്നോ രക്ഷപ്പെടാനാണ് അതിഥി കുഞ്ഞിനോട് പേര് ചോദിച്ചത്. ആ കുഞ്ഞിനറിയാം, തന്റെ പേരറിയാനല്ല ടിയാൻ പേര് ചോദിക്കുന്നതെന്ന്. തന്നെ പരീക്ഷിക്കുകയാണെന്നുള്ളതും കുഞ്ഞ് മനസ്സിലാക്കുന്നു. ആത്മാർഥതയില്ലാത്ത ഏത് പ്രവൃത്തിയും അതിസൂക്ഷ്മമായി മനസ്സിലാക്കുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ ഭാഷയും വ്യാകരണവും അറിയുക പ്രയാസം തന്നെ. അതേസമയം അവർ പരിപൂർണ്ണമായി നമ്മുടെ സ്വാതന്ത്ര്യത്തിലാണ്. കുഞ്ഞിന്റെ സന്തോഷാവസ്ഥയും സുഖാവസ്ഥയും അതിന്റെ ശ്രദ്ധയും ഒക്കെ മുതിർന്നവർ ശ്രദ്ധിക്കേണ്ടതാണ്. താരതമ്യം ചെയ്യുന്നതും നല്ലത് ചീത്തത് വേർതിരിവ് വരുത്തുന്നതും കുഞ്ഞിലേ ശീലിപ്പിച്ചാൽ ലോകത്ത് താൻ കാണുന്ന വസ്തുക്കളിൽ രണ്ടെണ്ണമേ ഉണ്ടാകാറുള്ളു. നല്ലതും ചീത്തയും. തനിക്ക് ഇഷ്ടമായത് നല്ലതും അല്ലാത്തത് ചീത്തയും. ഒരു വ്യക്തിയുടെ ജീവിതം അലങ്കോലപ്പെടാൻ ഇതിൽ വലുതായ വൈറസിന്റെ ആവശ്യമില്ല. അവിടെ നഷ്ടമാകുന്നത് യുക്തിബോധമാണ്. ജന്തുലോകത്തിൽ മനുഷ്യനുമാത്രമാണ് യുക്തിബോധം. അതിനർഥം മൃഗങ്ങൾക്കതില്ല എന്നല്ല. മൃഗങ്ങളിൽ അത് പ്രകൃതി തന്നെ വിന്യസിപ്പിച്ചിരിക്കുന്നു. മനുഷ്യന് പ്രകൃതി സ്വയം തിരഞ്ഞെടുക്കാനും അവസരം നൽകിയിരിക്കുന്നു.

 

കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ അവരുടെ കണ്ണുകളിൽ നോക്കിയൊന്നു ചിരിക്കാൻ കഴിഞ്ഞാൽ ധാരാളം. ഒന്നു കൈകൊട്ടുകയോ അലോസരപ്പെടുത്താതെ സ്നേഹപൂർവ്വം സ്പർശിക്കുകയോ ചെയ്താൽ ധാരാളം. പകരം ഈ പേര് ചോദിക്കൽ പ്രക്രിയയും അതിനോട് ചേർന്നു കിടക്കുന്ന അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ, അതുമല്ലെങ്കിൽ ഏറ്റവും ഉറ്റവരുടെ അഭിമാനബോധവുമൊക്കെ ചെയ്തുവയ്ക്കുന്നത് മഹാ അപരാധങ്ങളാണ്. അറിഞ്ഞുകൊണ്ടല്ലെങ്കിലും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ആസ്വദിക്കുന്നതിന് ബുദ്ധിമുട്ടുള്ള മുതിർന്നവർക്ക് ചെയ്യാവുന്ന വലിയ കാര്യം കുഞ്ഞുങ്ങളെ അവരുടെ പാട്ടിനു വിടുക എന്നുള്ളതാണ്.

Tags