ഗെയ്ല് ട്രെഡ് വെല്ലിന്റെ വിവാദപരമായ അഭിമുഖം അടങ്ങിയ പുസ്തകത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 'അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ ' എന്ന പുസ്തകത്തിന്റെ വില്പനയാണ് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ വില്പന, വിതരണം എന്നിവ ജസ്റ്റിസ് വി. ചിദംബരശന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്. അമ്മ ഭക്തരായ ഡോ. ശ്രീജിത്തും മറ്റൊരാളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
മാതാ അമൃതാനന്ദമയി മഠത്തെകുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അടങ്ങിയ ‘വിശുദ്ധ നരകം’ എന്ന പുസ്തകം മുന്‍ അന്തേവാസിയായ ഗെയ്ല് ട്രെഡ് വെല്‍ എഴുതിയിരുന്നു. തുടര്‍ന്ന് ഗെയിലുമായി കൈരളി ടെലിവിഷന്‍ ചാനലിലെ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഡി.സി ബുക്സ് പുസ്തകമാക്കുകയായിരുന്നു.
പുസ്തകം വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ഇതില്‍ പ്രകോപിതരായവര്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കോട്ടയത്തെ ഡി.സി ബുക്സ് ശാഖയിലെത്തി അക്രമം നടത്തുകയും ചെയ്തു. പുസ്തങ്ങള്‍ കീറിയെറിയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം അമൃതാനന്ദമയിക്കെതിരെയുള്ള അപവാദ പ്രചരണങ്ങളില്‍ നിന്ന് ഡി.സി ബുക്സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ സ്ഥലത്ത് പതിപ്പിക്കുകയും ചെയ്തു. ഡിസി ബുക്സ് ഉടമ രവി ഡി.സിയുടെ വീടിന് നേരെയും അക്രമം ഉണ്ടായിരുന്നു.
