Skip to main content
കൊച്ചി

oommen chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. വിശ്വാസ്യതയില്ലാത്ത പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നുമുള്ള കോടതി ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു.

 

വിഷയത്തില്‍ മുഖ്യമന്ത്രി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ഹൈക്കമാന്‍ഡ് പറയുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും തന്റെ ഭാഗം പോലും കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്നും മുഖ്യമന്ത്രി നേതൃത്വത്തെ ധരിപ്പിച്ചു.

 

മുഖ്യമന്ത്രിക്കെതിരെയുള്ള കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ പോകുമെന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി രാജി വെയ്ക്കേണ്ട കാര്യമില്ലെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു. കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു എന്ന് വി.എസ് അച്ചുതാനന്തന്‍ പറഞ്ഞു. സലിം രാജ് മുഖ്യമന്ത്രിയുടെ അരുമയെന്നും പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ കൂലിതല്ലുകാരനാണെന്നും വി.എസ് പറഞ്ഞു.

 

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ തട്ടിപ്പില്‍ സലിം രാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക് വ്യക്തമായിരുന്നു. ഇരുവരും വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിയെടുക്കുകയാണെന്ന്‌ ആയിരുന്നു ആരോപണം. കേസിലെ ഉന്നതല ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും വ്യക്തമാണെന്നും എന്നാല്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതി അറിയിച്ചു.

Tags