Skip to main content

highway

 

എഴുത്തും വായനയും പഠിക്കുന്നതിനു മുൻപ് തന്നെ കുട്ടികൾ നല്ലതുപോലെ സംസാരിക്കാനും അത്യാവശ്യം കണക്കും പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ നടപ്പനുസരിച്ച് നാലും അഞ്ചും വയസ്സാകുമ്പേഴേക്കും എഴുത്തും വായനയുമൊക്കെ കുട്ടികളെ പഠിപ്പിക്കുന്നു. മുതിർന്നവർക്കറിയാവുന്നതൊക്കെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നു. പക്ഷേ പലപ്പോഴും മുതിര്‍ന്നവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം കുട്ടികൾ ഗ്രഹിക്കാറില്ല. അവരുടെ ലോകത്തിൽ നിന്നുകൊണ്ടാണ് അവർ അര്‍ത്ഥം ഗ്രഹിക്കുന്നത്. ലോകം എന്നാൽ അനുഭവ മണ്ഡലം. അത് കുട്ടികളുടേതായാലും മുതിർന്നവരുടേതായാലും ഒന്നുതന്നെ. മുതിർന്നവരുടേത് കുറേ കൂടുന്നു. അത്രയേ ഉളളു വ്യത്യാസം. ഓരോ അനുഭവത്തിലേക്കും കടക്കുമ്പോൾ അത് പരിചയമാകുന്നു. ആദ്യം കത്തുന്ന നിലവിളക്കിന്റെ ദീപനാളം കുട്ടിക്ക് നല്ല കൗതുകം വരുത്തും. അതുകണ്ട് ചിലപ്പോൾ അതിൽ പിടിക്കാൻ ശ്രമിച്ചെന്നിരിക്കും. ഇഷ്ടപ്പെടുന്നത് സ്വന്തമാക്കാനുള്ള താൽപ്പര്യമെന്ന അടിസ്ഥാനകാരണം തന്നെയാണ് അതിൽ തൊടാൻ കുട്ടിയെ പ്രേരിപ്പിക്കുന്നത്. അത് കിട്ടിയാൽ സന്തോഷമുണ്ടാകുമെന്ന് കുട്ടി കരുതുന്നു. മുതിരുമ്പോൾ മനുഷ്യൻ ഈ സ്വഭാവത്തിൽ നിന്ന് സ്വാഭാവികമായി അകലണമെന്നാണ് വയ്പ്. പക്ഷേ കൂടുതൽ പേരുടെ കാര്യത്തിലും ഈ സ്വഭാവം കുറയുന്നതിന് പകരം കൂടിവരുന്നതായി കാണാം. ആ തൊടീലിൽ കുട്ടി പഠിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. തീ പൊള്ളും. തൊടാൻ പാടില്ല. പൊള്ളിയപ്പോൾ അനുഭവിച്ച വേദന ഓർമ്മയായി ആ കുട്ടിയിൽ അവസാനശ്വാസം വരെ നിലകൊള്ളുന്നു. വേദനയെക്കുറിച്ച് അഥവാ പൊള്ളൽ സൃഷ്ടിക്കുന്ന വേദന അറിവായും ആ കുട്ടിയിൽ കുടികൊള്ളുന്നു. മുതിരുമ്പോൾ മിക്കവരും സമര്‍ത്ഥമായി തീ കൈകാര്യം ചെയ്യാൻ പഠിക്കുന്നു. ചിലർക്ക് അപ്പോഴും പേടി അവശേഷിക്കുന്നു. വേണമെങ്കിൽ ചിലർക്ക് ആ ദീപം തെളിക്കലിൽനിന്നും വിളക്കിൽ നിന്നും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റേയും മുഴുവൻ അർഥവും ഗ്രഹിക്കാം. ഈ ലോകത്ത് വിളക്ക് കൊളുത്തി അതിന്റെ വെളിച്ചവും ഐശ്വര്യവും ആസ്വദിക്കുന്നതുപോലെ തീയിൽ സ്പർശിക്കാതെ തീയുമായി മമതയില്ലാതെ, ഒട്ടലില്ലാതെ തീ വിനിയോഗിച്ചുകൊണ്ട് ജീവിക്കാം. അല്ലെങ്കിൽ തീയുമായി മമതയുണ്ടാക്കി അതിന്റെ സൗന്ദര്യവും ഉപയോഗവും അറിയാതെ കൈപൊള്ളിച്ചും വേദനിച്ചും എരിപിരികൊണ്ട് ജീവിച്ചു തീർക്കാം. ഈ രണ്ടു വഴിക്കുള്ള യാത്രയാണ് ജീവിതം. ഏതു വഴിയുടെ നേർക്കു ജീവിക്കുന്നു എന്നതനുസരിച്ചിരിക്കുന്നു, വ്യക്തിയുടെ ജീവിതത്തിന്റെ സന്തോഷം. ദീപനാളത്തിൽ തൊടുന്ന കുട്ടിയുടെ അറിവിനെ അറിവായി പരിണമിക്കുന്ന കുട്ടികളിൽ ആ കുട്ടി കൗതുകപൂർവ്വം അവശേഷിക്കുകയും പുതുമയോടെ നേടുന്ന അറിവ് പരിണമിച്ച് അറിവായി മാറുകയും ചെയ്യും. അറിവിൽ ഓരോന്ന് ചെയ്യുന്നവരെ കണ്ട് മറ്റുള്ളവർ പക്വമതിയെന്നോ മറ്റോ വിളിച്ചെന്നുമിരിക്കും. ആ അറിവിന്റെ പരിണാമം രസകരമാണ്.

 

സമര്‍ത്ഥനായ ഒരു പതിനേഴുകാരൻ. ഒരു ദിവസം അവന്റെ കുടുംബാംഗങ്ങളോടൊപ്പം കുശലം പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവനിൽ നിന്ന് അറിയാതെ വന്ന വാചകമിതാണ്. പണ്ടൊക്കെ ഞാൻ വിചാരിച്ചിരുന്നത് വളവുകളാണ് കിലോമീറ്ററെന്നാണ്. ചില കിലോമീറ്ററുകൾ എത്ര നീളമുള്ളതാണെന്നും തോന്നിയിട്ടുണ്ട്. അതുകേട്ടവർ അത്ഭുതത്തോടെ ഈ പതിനേഴുകാരന്റെ വാക്കുകൾ ശ്രദ്ധിച്ചു. അവനും കുടുംബാംഗങ്ങളും പണ്ട് കാറിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അറിവിൽ നിന്നാണ് വളവിനെ കിലോമീറ്ററായി കണ്ടുതുടങ്ങിയത്. സ്കൂളിൽ പോയിത്തുടങ്ങിയതിനുശേഷം ഈ അടുത്തകാലം വരെയെന്നോണമാണ് ആ കിലോമീറ്റർ ധാരണ അവ്വിധം നിലനിന്നത്. കാറിൽ യാത്ര ചെയ്തിരുന്നപ്പോൾ മുതിർന്നവർ കിലോമീറ്ററുകളേക്കുറിച്ച് എപ്പോഴും സംസാരിക്കുന്നത് കേൾക്കുമായിരുന്നു. വിശേഷിച്ചും ദൂരെയാത്രയ്ക്കു പോകുന്ന അവസരങ്ങളിൽ. ഇനി ആലപ്പുഴയ്ക്ക് ഇത്ര കിലോമീറ്ററുണ്ട്, കൊച്ചിക്ക് ഇത്ര കിലോമീറ്ററുണ്ട് എന്നിങ്ങനെ. ഇഷ്ടൻ കിലോമീറ്ററെന്നു വെച്ചാൽ കരുതിയിരുന്നത് റോഡിലെ വളവിനെയാണ്. അതിനാൽ ഓരോ വളവു കഴിയുമ്പോഴും ഓരോ കിലോമീറ്റർ കഴിയുന്നു എന്ന കണക്കുകൂട്ടൽ നടത്തിക്കൊണ്ടിരുന്നു. അവിടെയാണ് ആ കുട്ടിയുടെ വിസ്മയം. ചില കിലോമീറ്ററുകൾക്ക് എന്തുകൊണ്ടാണ് ഇത്രയും നീളം. അതായത് വലിയ വളവിനെയാണ് നീളം കൂടിയ കിലോമീറ്ററുകളായി കണ്ടത്. സ്ഥിരം കാറിൽ കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്തിരുന്നതിനാൽ തന്റെ കിലോമീറ്റർ ധാരണ വളവുമായി ബന്ധപ്പെട്ട് ഉറച്ചു. മുതിർന്നപ്പോൾ എന്താണ് കിലോമീറ്ററെന്നറിഞ്ഞപ്പോൾ ആ ധാരണ മാറി. ഇപ്പോൾ ഇഷ്ടന് തന്റെ പഴയകാലത്തെ ധാരണയെ നോക്കുമ്പോൾ ചിരിയാണ് ഉണ്ടാവുക. തമാശയും. എന്താണ് കിലോമീറ്റർ എന്നുള്ള അറിവിൽ നിന്നാണ് ആ ചിരിയും തമാശയും ഉണ്ടാവുക. എല്ലാത്തിന്റെ കാര്യവും ഇതുപോലെയാണ്. ഇതുപോലെ ബാല്യത്തിൽ കയറിക്കൂടുന്ന ധാരണകൾ ചിലത് മാറുന്നു. ചിലത് അതേപോലെ അവശേഷിക്കുന്നു. മുതിർന്നിട്ടും അതനുസരിച്ച് ചിലർ പ്രവർത്തിക്കുന്നു. അതുകാണുമ്പോൾ ചിലർക്ക് ദേഷ്യം വരുന്നു. ചില കുട്ടികൾ കുറുമ്പ് കാണിക്കുമ്പോൾ അച്ഛനമ്മമാർ കുട്ടികളെ തല്ലുന്നതു പോലെ. കുട്ടികളുടെ ലോകത്തിലെ കിലോമീറ്റർ വളവാണെങ്കിൽ കിലോമീറ്റർ സംബന്ധമായ വിഷയത്തിൽ അച്ഛനുമമ്മയും പറയുന്നത് അവന് അല്ലെങ്കിൽ അവൾക്ക് മനസ്സിലാകില്ല. അതിന്റെ പേരിൽ അവരെ തല്ലിയിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല. മുതിർന്നിട്ടും ചിലർ കുട്ടിക്കാലത്ത് വശത്താക്കിയ അറിവു കൊണ്ട് പ്രവർത്തിക്കുന്നതു കാണുമ്പോൾ ദേഷ്യം തോന്നിയിട്ടോ അസ്വസ്ഥമായിട്ടോ കാര്യമില്ല. മുകളിലത്തെ പതിനേഴുകാരൻ തന്റെ പഴയകാല കിലോമീററർ ജ്ഞാനത്തെ നോക്കി ചിരിക്കുന്നതുപോലെ ചിരിക്കാൻ കഴിഞ്ഞാൽ സുഖം. ആ കുട്ടിയിൽ കുട്ടിക്കാലത്ത് ആ കിലോമീറ്റർ ധാരണയുണ്ടാകാൻ കാരണം എന്താണ് കിലോമീറ്ററെന്ന ധാരണയുമായി പരിചയമില്ലാത്തതു കൊണ്ടാണ്. അത് അജ്ഞമായിരുന്നു. പരിചയമായപ്പോൾ അജ്ഞത അകന്നു. അപ്പോൾ ധാരണ മാറുകയും പഴയ ധാരണയെ കൗതുകത്തോടെയും തമാശയോടും നോക്കാൻ കഴിയുകയും ചെയ്യുന്നു. മുതിർന്നിട്ടും ചില കുട്ടികൾ കുട്ടിക്കാലത്ത് ഉറപ്പിച്ച അറിവ് വിടാൻ തയ്യാറാകാത്തതാണ് വ്യക്തിയും സമൂഹവും രാഷ്ട്രവുമൊക്കെ അകപ്പെടുന്ന സംഘർഷങ്ങൾക്കും സംഘട്ടനങ്ങൾക്കും കാരണമെന്നു കാണാൻ കഴിയും.

 

അച്ഛനമ്മമാര്‍ തങ്ങളുടെ തിരക്കുപിടിച്ച ലോകത്തില്‍ എത്ര ഓടിയിട്ടും എത്താത്ത അവസ്ഥയാണെന്ന് കരുതി ജീവിക്കുന്നതിനിടയിലെ വേഗത കൂട്ടുന്ന ഘടകമായാണ് പലപ്പോഴും കുട്ടികളോടുള്ള പെരുമാറ്റം കണ്ടാൽ തോന്നുക. ഉച്ചസ്ഥായിയിൽ നിന്ന് ഉച്ചസ്ഥായിയിൽ പറയുന്നത് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് പലപ്പോഴും കാണാം. ഈ പ്രക്രിയയില്‍ പലപ്പോഴും ഏർപ്പെടുക അമ്മമാരാണ്. വീട്ടുജോലി കഴിഞ്ഞ് നാട്ടുജോലിക്ക് ഓടിയെത്താനുള്ള വെപ്രാളത്തില്‍ തന്റെ കുഞ്ഞിന് കുറവുകളുണ്ടാകരുതെന്നുള്ള കരുതലു കൊണ്ടാണ് അമ്മമാർ ഇങ്ങനെ പറഞ്ഞു പോകുന്നത്. വളവിലൂടെ കിലോമീറ്ററിനെ കാണുന്നതുപോലെ കുട്ടികള്‍ അവര്‍ക്കു പരിചയമുള്ള ലോകവുമായി ബന്ധപ്പെടുത്തി അച്ഛനമ്മമാർ പറയുന്നതിനെ മനസ്സിലാക്കുന്നു. അതും അച്ഛനമ്മമാരില്‍ നിന്നു ലഭിക്കുന്ന സംഭാഷണത്തിലൂടെ. അച്ഛനമ്മമാരിൽ നിന്ന് ഭാഷ പഠിക്കുന്നതോടൊപ്പം അവർ പകർന്നു നൽകുന്ന ലോകത്തിന്റെ സ്വഭാവമനുസരിച്ച് ലഭ്യമായ സാഹചര്യത്തിന്റെ പ്രത്യേകതയിൽ കുട്ടികൾ തങ്ങളുടേതായ അര്‍ത്ഥം മനസ്സിലാക്കുന്നു. അപ്പോൾ അവരെ പറഞ്ഞു മനസ്സിലാക്കാന്‍  മുതിര്‍ന്നവര്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പരാജയത്തിന്റെ പ്രതിഫനമാണ് ക്ഷമയില്ലായ്മയും ദേഷ്യവുമായി പുറത്തുവരുന്നത്. അതിനൊരു ശമനത്തിനായാണ് കുട്ടികളെ അവര്‍ തല്ലുന്നത്. അല്ലാതെ കുട്ടികൾ നന്നാവാനായിട്ടല്ല. ആ തല്ലും പുക്കാറുമെല്ലാം ആ കുട്ടികളുടെ ലോകത്തിന്റെ ഭാഗമായി മാറുകയാണ്. ലോകത്തെ പരിചയപ്പെടുന്ന അവരുടെ ഭാഷയും അതിന്റെ ആദ്യാക്ഷരങ്ങളും. മുതിർന്നവർ അത്രയും അസ്വസ്ഥത അനുഭവിക്കുന്നുവെങ്കിൽ, വളവിനെ കിലോമീറ്ററായി കാണുന്ന കുട്ടിയെ കിലോമീറ്റർ എന്നാൽ താൻ മനസ്സിലാക്കിയത് തന്നെയാണ് തന്റെ കുട്ടിയും മനസ്സിലാക്കിയിട്ടുള്ളതെന്നു കരുതി അതിനെ ആധാരമാക്കി സംസാരിച്ച് മുതിർന്നവരുടെ ദേഷ്യച്ചൂടിന്റെ മുന്നിൽ നിൽക്കുന്ന കുട്ടികളുടെ ആന്തരിക സമ്മർദ്ദം ആലോചിച്ചാൽ മനസ്സിലാകുന്നതേ ഉള്ളു. കുട്ടികളിൽ പ്രമേഹം കാണാറുള്ളതു പോലെ ഇനിയീ കുട്ടികളിൽ രക്തസമ്മർദ്ദ രോഗവും ഉണ്ടായാൽ അതിശയപ്പെടാനില്ല. മുൻപൊക്കെ മധ്യവയസ്കരിൽ കണ്ടിരുന്ന രക്താതിസമ്മർദ്ദം ഇപ്പോൾ ചെറുപ്പക്കാരിൽ വ്യാപകം. അതിന്നർഥം അത് താഴേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നു എന്ന്.

 

വളവിനെ ദൂരമായി കണ്ടിരുന്ന തന്റെ ബാല്യത്തിലേക്ക് പതിനേഴുകാരൻ നോക്കി ചിരിക്കുന്നതുപോലെ പതിനേഴും അതിനു മുകളിലുമുള്ളവരൊക്കെ കുട്ടികളോട് ഇടപഴകുമ്പോൾ ഇതോർത്താൽ കുട്ടികളുടെ വാക്കും പ്രവൃത്തിയും കണ്ട് പലപ്പോഴും ചിരിക്കാനും തമാശ കാണാനും കഴിയും. ചിരിക്കാൻ പ്രത്യേകിച്ച് മിനക്കെടേണ്ടതില്ല. അല്ലെങ്കിൽ രാഷ്ട്രീയക്കാരേയും സിനിമാസന്ദർഭങ്ങളേയും കൂട്ടിയിണക്കിക്കൊണ്ട് മറ്റുളളവന്റെ പോരായ്മകളുടെ ദൃശ്യദുർഗന്ധം കണ്ട് ചിരിക്കേണ്ടിവരും. വളവിനെ കിലോമീറ്ററായി കാണുന്നതുപോലെ തന്നെയാണ് മറ്റുളളവന്റെ അപര്യാപ്തതകൾ കണ്ട് ചിരിക്കുന്നതും ആ ചിരിയിൽ സന്തോഷം കണ്ടെത്തുന്നതും. അഥവാ അതു കാണേണ്ടി വന്നാലും അപ്പോഴും ചിരിക്കാൻ വകയുണ്ട്. ആ പരിപാടിയിലെ ദൃശ്യങ്ങൾ കണ്ടല്ല, അതൊരുക്കുന്നവരുടെ കിലോമീറ്റർ ധാരണ ഇപ്പോഴും വളവു തന്നെയന്നറിവിൽ. അതെന്തുമാകട്ടെ, ചുരുങ്ങിയപക്ഷം കുട്ടികളുമായി ഇടപെടുമ്പോൾ ദേഷ്യത്തിനു പകരം ചിരിയും സ്നേഹവും ഉണ്ടാകും. കുട്ടികൾക്കും അതേ വേണ്ടൂ. എങ്കിലേ വളർച്ചയുണ്ടാകൂ. അല്ലെങ്കിൽ വിളർച്ച. കൊഴുത്തുരുണ്ടിരുന്നിട്ടും കാര്യമില്ല. നേരത്തേ പറഞ്ഞ ടിവി പരിപാടി പോലെ. സ്പോൺസർഷിപ്പിലൂടെ ചാനലിന് വരുമാനമുണ്ടാക്കിയെന്നിരിക്കും. അജ്ഞതയും ആരോഗ്യവും ധനസമൃദ്ധിയുമായി വളരുന്ന കുട്ടിയുടെ എല്ലാ പ്രശ്നങ്ങളും അത്തരം പരിപാടികളും സൃഷ്ടിക്കും. അതും കണ്ട് ചിരിക്കുകയേ വേണ്ടൂ - ചില കിലോമീറ്ററിന് എന്തൊരു ദൂരമാ.

Tags