Skip to main content
റോം

daniel manciniഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതി ദാനിയല്‍ മന്‍സിനിയെ ഇറ്റലി ചൊവാഴ്ച തിരിച്ചുവിളിച്ചു. മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികരുടെ വിചാരണ നീളുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കവേ ഏത് നിയമമനുസരിച്ചാണ് പ്രതികളെ വിചാരണ ചെയ്യുന്നതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം എഴുതിനല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറ്റലിയുടെ നടപടി.

 

ചര്‍ച്ചകള്‍ക്കായി മന്‍സിനി ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്ന്‍ അറിയിച്ച ഇറ്റലിയുടെ വിദേശകാര്യ വകുപ്പ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പുതിയ കാലതാമസത്തെ അപലപിച്ചു.

 

സൈനികര്‍ക്ക് എതിരെ സുവ നിയമത്തിലെ വകുപ്പുകള്‍ ചുമത്തുന്നത് സംബന്ധിച്ച് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വാഹന്‍വതി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബഞ്ച് തീരുമാനം എഴുതി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

 

കടലിലെ തീവ്രവാദം തടയുന്നത് സംബന്ധിച്ച ഈ നിയമത്തിലെ ഏത് വകുപ്പാണ് സൈനികര്‍ക്കെതിരെ ചുമത്തേണ്ടത് എന്നതില്‍ തര്‍ക്കം തുടരുകയാണ്. ഇതിലെ ഒരു വകുപ്പനുസരിച്ച് കുറ്റവാളികളെന്ന്‍ കോടതി കണ്ടെത്തിയാല്‍ വധശിക്ഷയാണ് ലഭിക്കുക. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഈ വകുപ്പ് ചുമത്തുമെന്ന സൂചന വന്നതോടെ ഇറ്റലിയില്‍ നിന്ന്‍ കടുത്ത എതിര്‍പ്പ് ഉയരുകയും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഇത് പിന്‍വലിക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ നിയമ മന്ത്രാലയത്തിന്റെ മുന്നിലുന്നത്.

 

2012-ല്‍ കേരള തീരത്ത് നടന്ന സംഭവത്തില്‍ ചരക്കുകപ്പലില്‍ കാവല്‍ ചുമതലയുണ്ടായിരുന്ന സൈനികരുടെ വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പ്രതികളായ മാസിമിലിയാനോ ലതോരെ, സാല്‍വതോരെ ഗിരോണ്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ ഇറ്റലിയുടെ സ്ഥാനപതി കാര്യാലയത്തില്‍ കഴിയുകയാണ്.

Tags