Skip to main content
കൊച്ചി

സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍. കൊച്ചിയിലും കൊല്ലത്തുമായി നടക്കുന്ന കെ.പി.സി.സി കണ്‍വെന്‍ഷനും ഐ.എന്‍.ടി.യു.സി റാലിയും സോണിയ ഗാന്ധി ഇന്ന്‍ ഉദ്ഘാടനം ചെയ്യും.

 

കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അതൃപ്തി സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സംസ്ഥാന നേതാക്കളുമായും സോണിയയും ഹൈക്കമാന്‍റ് പ്രതിനിധികളും ആശയവിനിമയം നടത്തും. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞാണ് വി.എം സുധീരനെയും വി.ഡി സതീശനെയും പാർട്ടി നേതൃസ്ഥാനത്ത് നിയോഗിച്ചത്. വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചതില്‍ മുഖ്യമന്ത്രിക്കൊപ്പം എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ക്കും നീരസമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തുന്നത്.

 

ഇന്നലെ ലക്ഷദ്വീപിലേക്കുള്ള വഴി മദ്ധ്യേ കൊച്ചിയിലിറങ്ങിയ സോണിയാ ഗാന്ധിയെ സ്വീകരിക്കാൻ ഉമ്മൻചാണ്ടി എത്താതിരുന്നത് വിവാദം ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പ്രതിഷേധം തുടരുകയാണെന്ന് ചാനലുകൾ വാർത്ത നൽകിയെങ്കിലും മുഖ്യമന്ത്രിയോടടുപ്പമുള്ള വൃത്തങ്ങൾ അത് നിഷേധിച്ചു.

 

ലോകസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും ചര്‍ച്ചയില്‍ വിഷയമാകും. സോണിയയുമായി ഘടക കക്ഷികളുടെ നേതാക്കൾക്കൊന്നും ചർച്ചയ്ക്ക് അനുമതി നൽകിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ലോകസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക ഹൈക്കമാന്‍ഡ് ഇതിനകം തയ്യാറാക്കിയതായാണ് വിവരം.