Skip to main content
ഗാന്ധിനഗര്‍

nancy powellനരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗറില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയാണ് പവല്‍ വ്യാഴാഴ്ച മോദിയെ കണ്ടത്. പവല്‍ ഈ മാസം മോദിയെ സന്ദര്‍ശിക്കുമെന്ന് നേരത്തെ സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു.

 

മതസ്വാതന്ത്ര്യം തടയുന്നവരെ വിലക്കുന്ന യു.എസ് നിയമമനുസരിച്ച് 2005-ല്‍ യു.എസ് വിദേശകാര്യ മന്ത്രാലയം മോദിയ്ക്ക് സന്ദര്‍ശന വിസ നിഷേധിച്ചിരുന്നു. 2002 ഗുജറാത്ത് കലാപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന് ശേഷം മോദിയെ സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നത യു.എസ് പ്രതിനിധിയാണ് പവല്‍.

 

അതേസമയം, തങ്ങളുടെ വിസാ നയത്തില്‍ മാറ്റമില്ലെന്ന് യു.എസ് അറിയിച്ചു. വിസയ്ക്കായി മോദിയ്ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണെന്നും ഇത് യു.എസ് നിയമമനുസരിച്ച് പരിഗണിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗം മാത്രമാണിതെന്നും യു.എസ് കൂട്ടിച്ചേര്‍ത്തു.