Skip to main content
അഹമ്മദാബാദ്

ishrat jahaanഇസ്രത്‌ ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ്‌ കുമാര്‍ എന്നിവരടക്കം നാലു പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ആരോപണ വിധേയനായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹ മന്ത്രി അമിത് ഷായെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈ ആയി അറിയപ്പെടുന്ന വ്യക്തിയാണ് ഷാ.

 

ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍മാര്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.ബി ഗുജറാത്ത് മുന്‍ മേധാവി രജീന്ദര്‍ കുമാറിനും ഇപ്പോള്‍ സര്‍വീസിലുള്ള ഓഫീസര്‍മാരായ പി. മിത്തല്‍, എം.കെ സിന്‍ഹ, രാജീവ് വങ്കാഡെ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് കേസില്‍ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര ആരോപിച്ചിരുന്നു.

 

2004-ല്‍ ഗുജറാത്തിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ഖ്, ഇസ്രത് ജഹാന്‍, അംജത് അലി എന്ന രാജ്കുമാര്‍ അക്ബര്‍ അലി റാണ, ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവരടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ എത്തിയ ഭീകരപ്രവര്‍ത്തകര്‍ എന്ന പേരില്‍ ഇവരെ വധിക്കുകയായിരുന്നെന്നാണ് സി.ബി.ഐ കേസ്.

 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഇതില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. ഇസ്രത്ത് ജഹാനെയും സംഘത്തെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ക്കടുത്ത് ഏകെ-47 തോക്ക് കൊണ്ടുപോയി ഇട്ടതും പോലീസാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തോക്ക് എത്തിച്ചുനല്‍കിയത് ഐ.ബി ഓഫീസറായ രജീന്ദര്‍ കുമാറാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.