പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്രയ്ക്കെതിരെ പ്രക്ഷോഭം നടക്കുന്ന തായ്‌ലാന്‍ഡില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഞായറാഴ്ച നടന്നു. സമരകേന്ദ്രവും രാജ്യതലസ്ഥാനവുമായ ബാങ്കോക്കില്‍ പ്രക്ഷോഭകര്‍ നൂറിലേറെ പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് തടസപ്പെടുത്തി.
പ്രധാന പ്രതിപക്ഷമായ ജനാധിപത്യ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. തെരുവില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ ബാലറ്റ് വിതരണവും സമ്മതിദായകര്‍ ബൂത്തുകളില്‍ പ്രവേശിക്കുന്നതും തടയുകയാണ്. നവംബര്‍ മുതല്‍ തുടരുന്ന പ്രക്ഷോഭത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നതായി തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു. 77 പ്രവിശ്യകളില്‍ 68-ലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നേരിട്ട് വോട്ടെടുപ്പ് ആകെയുള്ള 375 മണ്ഡലങ്ങളില്‍ 333 എണ്ണം ഇതില്‍പ്പെടും. രാവിലെ എട്ടുമണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന്‍ മണി വരെയാണ് വോട്ടെടുപ്പ് സമായം. ബാങ്കോക്കിലെ 158 പോളിംഗ് ബൂത്തുകള്‍ അടച്ചതായും ഇവിടെ പിന്നീട് വോട്ടെടുപ്പ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
അഴിമതി അടക്കമുള്ള കേസുകളില്‍ ശിക്ഷ നേരിട്ട് രാജ്യത്തിന് പുറത്ത് കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും സഹോദരനുമായ താക്സിന്‍ ഷിനവത്രയ്ക്ക് മാപ്പ് നല്‍കാനുള്ള നടപടികള്‍ യിങ്ങ്ലക് ആരംഭിച്ചതോടെയാണ് നവംബറില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലിമെന്റില്‍ നിന്ന്‍ രാജിവെച്ചതോടെയാണ് ഡിസംബര്‍ ഒന്‍പതിന് യിങ്ങ്ലക് പാര്‍ലിമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അതേസമയം, ജനാധിപത്യ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും നിലപാട്. അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തെ മാനിക്കണമെന്നാണ് യിങ്ങ്ലക് ആവശ്യപ്പെടുന്നത്.
2006-ല്‍ പട്ടാളം താക്സിനെ പുറത്താക്കിയതിന് ശേഷം മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തായ് ഗ്രാമപ്രദേശങ്ങളില്‍ വന്‍ പിന്തുണയുള്ള താക്സിന്റെ പാര്‍ട്ടി 2011-ല്‍ യിങ്ങ്ലക്കിന്റെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ വന്നത്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ 1992-ന് ശേഷം ഒറ്റ തെരഞ്ഞെടുപ്പും വിജയിച്ചിട്ടില്ല. എന്നാല്‍, തായ് ഉന്നത വര്‍ഗ്ഗവും മധ്യവര്‍ഗ്ഗവും ഗ്രാമീണ ദരിദ്ര ജനതയെ ലക്ഷ്യമിട്ടുള്ള താക്സിന്റെ ജനപ്രിയ നടപടികളെ എതിര്‍ത്തതോടെയാണ് രാഷ്ട്രീയ സംഘര്‍ഷം കനത്തത്.

