Skip to main content
വാഷിംഗ്‌ടണ്‍

barack obamaഇറാന് മേല്‍ പുതുതായി ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. അഫ്ഗാനിസ്താനില്‍ നിന്ന്‍ മുന്‍നിശ്ചയമനുസരിച്ച് ഈ വര്‍ഷം തന്നെ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ഒബാമ അറിയിച്ചു. യു.എസ് പാര്‍ലിമെന്റായ കോണ്‍ഗ്രസിന്റെ ഇരുസഭകള്‍ക്കും മുന്നില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ഷിക അഭിസംബോധനയില്‍ തന്റെ വിദേശനയ മുന്‍ഗണനകള്‍ വ്യക്തമാക്കുകയായിരുന്നു ഒബാമ.

 

ലോകശക്തികള്‍ ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ഒരു സമഗ്ര ഉടമ്പടിയില്‍ എത്തുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കവേ പുതുതായി എന്തെങ്കിലും ഉപരോധ നിയമം കോണ്‍ഗ്രസ് കൊണ്ടുവരികയാണെങ്കില്‍ താന്‍ അത് വീറ്റോ ചെയ്യുമെന്ന് ഒബാമ അറിയിച്ചു. ഐക്യരാഷ്ട രക്ഷാസമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, യു.കെ, ഫ്രാന്‍സ്, റഷ്യ എന്നിവരും ജര്‍മ്മനിയും ചേര്‍ന്ന്‍ ഇറാനുമായി ഒരു ഇടക്കാല കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

 

അഫ്ഗാനിസ്താനിലെ യു.എസ് സേനയുടെ പ്രഖ്യാപിത പിന്മാറ്റം ആസന്നമായിരിക്കെ യു.സുമായി തയ്യാറാക്കിയ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പ് വെക്കാന്‍ അഫ്ഗാനിസ്താനോട്‌ ഒബാമ ആവശ്യപ്പെട്ടു. പരിശീലാനാര്‍ത്ഥം പരിമിതമായ യു.എസ് സൈനിക സാന്നിധ്യത്തിന് അനുവാദം നല്‍കുന്നതാണ് കരാര്‍. എന്നാല്‍, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി കരാറിന്റെ കാര്യത്തില്‍ ഇതുവരെ അനുകൂലമായ നിലപാടെടുത്തിട്ടില്ല.

 

അല്‍-ഖൈദയുടെ ഭീഷണി വിവിധ രീതിയില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നതായി യെമന്‍, സൊമാലിയ, ഇറാഖ്, മാലി തുടങ്ങിയ രാജ്യങ്ങളെ പരാമര്‍ശിച്ച് ഒബാമ പറഞ്ഞു. എന്നാല്‍, സങ്കീര്‍ണ്ണമായ ഇത്തരം ഭീഷണികള്‍ക്കെതിരെ വന്‍തോതിലുള്ള സേനാവിന്യാസത്തിന് പകരം നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം തേടാന്‍ ശ്രമിക്കുമെന്ന് ഒബാമ പറഞ്ഞു.

 

യു.എസ് വിദേശനയത്തിന്റെ കേന്ദ്രസ്ഥാനത്ത് ഏഷ്യ-പസഫിക് മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം തുടരുമെന്നും ഒബാമ പറഞ്ഞു.