Skip to main content
ഈജിപ്ത്

ഈജിപ്തില്‍ ഭരണഘടനക്ക് അംഗീകാരമാകും. ഭരണഘടനാ ഹിതപരിശോധനയില്‍ 55 ശതമാനം പോളിംഗാണ് നടന്നതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 95 ശതമാനത്തില്‍ അധികം പേരും ഭരണഘടനയ്ക്ക് അനുകൂലമായാണ് വോട്ടു ചെയ്തതെന്ന് പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഫലപ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും.

 

ഒറ്റപ്പെട്ട അക്രമങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ചൊവ്വാഴ്ചയും, ബുധനാഴ്ചയും നടന്ന വോട്ടെടുപ്പ് താരതമ്യേന സമാധാനപരമായിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇടക്കാല സര്‍ക്കാര്‍ വോട്ടെടുപ്പിനായി ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരേയും 1.6 ലക്ഷം സൈനികരേയുമാണ്‌ ബൂത്തുകളില്‍ വിന്യസിച്ചിരുന്നത്.

 

സൈന്യത്തിന്റെ പിന്തുണയാല്‍ അധികാരത്തിലിരിക്കുന്ന ഇടക്കാല സര്‍ക്കാറിനെതിരെ ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ വോട്ടെടുപ്പിന് മുന്‍പായി നടത്തിയിരുന്നു. ബ്രദര്‍ഹുഡിനെ നിരോധിച്ച ഇടക്കാല സര്‍ക്കാര്‍ സംഘടനയ്ക്ക് നേരെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രദര്‍ഹുഡ് നേതാവും പ്രസിഡന്റുമായിരുന്ന മൊഹമ്മദ്‌ മോര്‍സിയെ കഴിഞ്ഞ ജൂലൈയില്‍ വന്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‍ സൈന്യം ഇടപെട്ട് പുറത്താക്കിയതിനെ തുടര്‍ന്നാണ്‌ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നത്.

 

ബ്രദര്‍ഹുഡ് ആധിപത്യമുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭ പാസാക്കിയ ഭരണഘടന ഇസ്ലാമിക നിയമത്തെ പിന്‍പറ്റി വ്യക്തിസ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്നു എന്നാരോപിച്ചാണ് മോര്‍സിയ്ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചത്. അതേസമയം, പുതിയ ഭരണഘടന ജനായത്ത അധികാരികള്‍ക്ക് മുകളില്‍ സൈന്യത്തെ പ്രതിഷ്ഠിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സൈനിക മേധാവിയും പ്രതിരോധ മന്ത്രിയുമായ ജനറല്‍ അബ്ദെല്‍ ഫത്താ അല്‍-സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലിമെന്റിലേക്കും വൈകാതെ തെരഞ്ഞെടുപ്പ് നടക്കും.