Skip to main content
ബാങ്കോക്ക്

thailand protests

 

തായ്‌ലാന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസത്തേക്ക് കടന്നു. പതിനായിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ നഗരത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. അതിനിടെ, തമ്പടിച്ച് കഴിയുന്ന പ്രക്ഷോഭകര്‍ക്ക്‌ നേരെ ചൊവാഴ്ച രാത്രി വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

 

കാവല്‍ മന്ത്രിസഭയെ നയിക്കുന്ന പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്ര തെരഞ്ഞെടുപ്പിന് മുന്‍പ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ബാങ്കോക്കില്‍ പ്രക്ഷോഭം പുനരാരംഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍ വളയുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് പാര്‍ലിമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഷിനവത്ര തയ്യാറായത്. ഫെബ്രുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, യിങ്ങ്ലക്കിന്റെ രാജിയില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കില്ലെന്നാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സുതെപ് തഗ്സുബാന്റെ നിലപാട്.

 

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന്‍ നാടുവിട്ട മുന്‍ പ്രധാനമന്ത്രിയും യിങ്ങ്ലക്കിന്റെ സഹോദരനുമായ താക്സിന്‍ ഷിനവത്രയ്ക്ക് മാപ്പ് നല്‍കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമാണ് നവംബറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. 2006-ല്‍ പട്ടാള അട്ടിമറിയിലൂടെ താക്സിനെ അധികാരത്തില്‍ നിന്ന്‍ പുറത്താക്കുകയായിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് താക്സിനും യിങ്ങ്ലക്കിലൂടെ താക്സിന്റെ പിന്‍വാതില്‍ ഭരണമാണ് നടക്കുന്നതെന്ന് പ്രക്ഷോഭകരും ആരോപിക്കുന്നു. 

 

തായ് ഗ്രാമപ്രദേശങ്ങളില്‍ പിന്തുണയുള്ള താക്സിന്റെ പാര്‍ട്ടി 2011-ല്‍ യിങ്ങ്ലക്കിന്റെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ വന്നത്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ 1992-ന് ശേഷം ഒറ്റ തെരഞ്ഞെടുപ്പും വിജയിച്ചിട്ടില്ല. എന്നാല്‍, തായ് ഉന്നത വര്‍ഗ്ഗവും മധ്യവര്‍ഗ്ഗവും ഗ്രാമീണ ദരിദ്ര ജനതയെ ലക്ഷ്യമിട്ടുള്ള താക്സിന്റെ ജനപ്രിയ നടപടികളെ എതിര്‍ത്തതോടെയാണ്‌ രാഷ്ട്രീയ സംഘര്‍ഷം കനത്തത്.