Skip to main content
ഗുവാഹത്തി

 

അസ്സമില്‍ രണ്ട് ഗോത്രങ്ങളില്‍ പെടുന്നവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ വീടുകളില്‍ നിന്ന്‍ പലായനം ചെയ്തു.

 

കര്‍ബി ആങ്ങ്‌ലോങ്ങ്‌ ജില്ലയില്‍ സര്‍ക്കാര്‍ തുറന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 3500-ത്തില്‍ അധികം വരുമെന്ന് അസ്സം ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗ്യാനേന്ദ്ര ദേവ് ത്രിപാഠി ബുധനാഴ്ച അറിയിച്ചു. ഡിസംബര്‍ അവസാനം തുടങ്ങിയ അക്രമങ്ങളെ തുടര്‍ന്ന് കര്‍ബി, രേങ്ങ്മ നാഗ എന്നീ ഗോത്രജരാണ് വീട് വിട്ട് ക്യാമ്പുകളില്‍ കഴിയുന്നത്. കടുത്ത തണുപ്പില്‍ ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാതെയാണ് ക്യാമ്പുകളില്‍ ഇവര്‍ കഴിയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

karbi anglong mapകര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്സ് (കെ.പി.എല്‍.ടി) എന്ന വിഘടനവാദ സംഘടനയിലെ അംഗങ്ങള്‍ കര്‍ബി ആങ്ങ്‌ലോങ്ങ്‌ ജില്ലയില്‍ രേങ്ങ്മ വിഭാഗക്കാര്‍ അധിവസിക്കുന്ന ബോകാജാന്‍ മേഖലയില്‍ ഡിസംബര്‍ 27-ന് നടത്തിയ ആക്രമണത്തില്‍ ആറു രേങ്ങ്മ നാഗ ഗോത്രജര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേരും സ്ത്രീകളായിരുന്നു. കര്‍ബി ഗോത്രജര്‍ക്കായി പ്രത്യേക രാഷ്ട്രം എന്ന ആവശ്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.പി.എല്‍.ടി.

 

കെ.പി.എല്‍.ടി ആക്രമണത്തിന് പ്രതികാരമായി രേങ്ങ്മ നാഗ ഹില്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.എന്‍.എച്ച്.പി.എഫ്) നടത്തിയ ആക്രമണത്തില്‍ മൂന്ന്‍ കെ.പി.എല്‍.ടി അംഗങ്ങള്‍ കൊല്ലപ്പെട്ടു. ജനുവരി മൂന്നിന് ഏഴു കര്‍ബി ഗോത്രജരെ അയല്‍ സംസ്ഥാനമായ നാഗാലാ‌‍ന്‍ഡിലെ അതിര്‍ത്തി പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.