Skip to main content
റാമല്ല

kerri and abbas

 

പലസ്തീനും ഇസ്രയേലും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. സമാധാന ഉടമ്പടിയില്‍ എത്താനുതകുന്ന രീതിയില്‍ സംഭാഷണങ്ങളെ നയിക്കാന്‍ ഒരു ‘ചട്ടക്കൂട് കരാര്‍’ രൂപീകരണത്തില്‍ പുരോഗതിയുണ്ടെന്ന് ഇരുരാജ്യങ്ങളിലേയും നേതാക്കളുമായി വെവ്വേറെ നടത്തിയ ദീര്‍ഘമായ കൂടിക്കാഴ്ചകള്‍ക്ക് ശേഷം കെറി അറിയിച്ചു. എന്നാല്‍, കരാര്‍ രൂപീകരണത്തിലേക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും കെറി കൂട്ടിച്ചേര്‍ത്തു.

 

മേഖലയില്‍ ഒരു വര്‍ഷത്തിനിടയില്‍ കെറി നടത്തുന്ന പത്താമത് സന്ദര്‍ശനമാണിത്. പലസ്തീനും ഇസ്രയേലും തമ്മില്‍ പൊതുവായ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഒരു ചട്ടക്കൂട് ആദ്യം രൂപീകരിക്കുകയും വിശദാംശങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കുകയുമാണ്‌ യു.എസ് ആഭിമുഖ്യത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം. അതിര്‍ത്തി, സുരക്ഷ, പലസ്തീന്‍ അഭയാര്‍ഥികള്‍, ജറുസലേമിന്റെ ഭാവി സ്ഥിതി എന്നിവയാണ് ചട്ടക്കൂട് കരാറില്‍ പരിഗണിക്കുന്ന പ്രധാന വിഷയങ്ങള്‍.

 

വ്യാഴാഴ്ച മേഖലയില്‍ എത്തിയ കെറി പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി റാമല്ലയില്‍ എട്ടു മണിക്കൂറും ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായി ജെറുസലേമില്‍ 12 മണിക്കൂറോളവും സംഭാഷണം നടത്തി. ജറുസലേമില്‍ ഇസ്രയേല്‍ നേതാക്കളുമായി നാലേമുക്കാല്‍ മണിക്കൂര്‍ നേരവും കെറി ചര്‍ച്ചകള്‍ നടത്തിയിരുന്നു.  

 

മൂന്ന്‍ വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ജൂലൈയിലാണ് പലസ്തീന്‍-ഇസ്രയേല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ഇരുരാജ്യങ്ങളിലേയും പശ്ചിമേഷ്യയിലേയും രാഷ്ട്രീയ സ്ഥിതി പരിഗണിക്കുമ്പോള്‍ ചര്‍ച്ചകള്‍ എത്രത്തോളം ഫലപ്രദമായിരിക്കും എന്നതില്‍ വ്യാപകമായ സംശയങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷം ഒരു കരാറില്‍ എത്താന്‍ കഴിയുമെന്നാണ് കെറിയുടെ പ്രതീക്ഷ.

 

ഞായറാഴ്ച ജോര്‍ദാനിലേക്കും സൗദി അറേബ്യയിലേക്കും പോകുന്ന കെറി വിഷയം അവിടത്തെ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്യും. പലസ്തീന് പിന്തുണ നല്‍കുന്ന അറബ് രാജ്യങ്ങളുടെ വിദേശമന്ത്രിമാരെയും അടുത്ത ആഴ്ച കെറി കാണുന്നുണ്ട്.

Tags