ഈജിപ്തില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ പുറത്താക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മൊഹമ്മദ് മോര്‍സിയെ അനുകൂലിച്ച് നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 13 പ്രക്ഷോഭകരെങ്കിലും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ കൈറോയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടര്‍ന്നു. ഇടക്കാല ഭരണകൂടം ചുമത്തിയ വിവിധ കേസുകളില്‍ ബുധനാഴ്ച മോര്‍സിയുടെ വിചാരണ തുടങ്ങാനിരിക്കെയാണ് വെള്ളിയാഴ്ച പ്രതിഷേധത്തിന് ബ്രദര്‍ഹുഡ് ആഹ്വാനം നല്‍കിയത്.
മോര്‍സിയെ പുറത്താക്കിയ ശേഷം സൈനിക പിന്തുണയോടെ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, സംഘടനയെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ തുടര്‍ച്ചയായി പ്രതിരോധിക്കുകയാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍. മോര്‍സിയെ പുറത്താക്കിയ ശേഷം നടന്ന പ്രക്ഷോഭങ്ങളില്‍ ആയിരത്തിലധികം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മോര്‍സി അടക്കം ആയിരങ്ങള്‍ തടവിലുമാണ്.
രാജ്യത്തെ ജനായത്ത സംവിധാനത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഹിതപരിശോധനയ്ക്ക് രണ്ടാഴ്ച മാത്രം അവശേഷിക്കവേയാണ് പുതിയ സംഘര്‍ഷം. പട്ടാള ഭരണാധികാരി ഹോസ്നി മുബാറക്കിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തില്‍ വന്നതെങ്കിലും പുതിയ ഭരണഘടനയില്‍ ഇസ്ലാമിക നിയമങ്ങള്‍ ഉള്‍ക്കൊളിച്ച നടപടിയാണ് മോര്‍സിയെ പുറത്താക്കുന്നതിനിടയാക്കിയത്.

