ജനുവരി അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബംഗ്ലാദേശില്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവാപകമായി പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല ബന്ദിന്റെ ആദ്യദിവസമായ പുതുവത്സര ദിനത്തില്‍ പ്രക്ഷോഭകരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശി ദേശീയവാദി പാര്‍ട്ടി (ബി.എന്‍.പി)യുടെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തലസ്ഥാനമായ ധാകയില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ ചാന്ദ്പൂര്‍ ജില്ലയിലായിരുന്നു സംഭവം.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് സ്വതന്ത്ര കാവല്‍ മന്ത്രിസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബി.എന്‍.പി നേതൃത്വത്തിലുള്ള 18 പാര്‍ട്ടികളടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം നിരാകരിച്ച ഹസീന തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ്. പ്രതിപക്ഷ ബഹിഷ്കരണത്തെ തുടര്‍ന്ന്‍ ഹസീനയുടെ അവാമി ലീഗിന്റേയും സഖ്യകക്ഷികളുടേയും സ്ഥാനാര്‍ഥികള്‍ 300-ല്‍ 154 സീറ്റില്‍ എതിരില്ലാത്തതിനാല്‍ വിജയിച്ച് കഴിഞ്ഞു.
രണ്ട് സഖ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. യു.എസ്, യു.കെ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാരും ഇരു പാര്‍ട്ടികളും ഇടയില്‍ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പും ബി.എന്‍.പി സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് നേരെയുള്ള 1971-ലെ ബംഗ്ലാദേശ് വിമോചനസമരത്തിലെ യുദ്ധക്കുറ്റ വിചാരണയുമായി ബന്ധപ്പെട്ടും രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ഒക്ടോബറിനു ശേഷം 150-ല്‍ അധികം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ജമാഅത്തെ ഇസ്ലാമിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.