Skip to main content
തിരുവനന്തപുരം

കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ പുന:സംഘടനയെ യു.ഡി.എഫ് ഘടകകക്ഷികളും എന്‍.എസ്.എസും സ്വാഗതം ചെയ്തു. എന്നാല്‍, പുന:സംഘടനയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് (ബി) കടുത്ത അതൃപ്തി അറിയിച്ചു.

 

balakrishna pilla ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. താന്‍ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനവും യു.ഡി.എഫില്‍ നിന്ന്‍ ലഭിച്ച മറ്റെല്ലാ സ്ഥാനങ്ങളും രാജിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള പറഞ്ഞു.

 

ഭാര്യ യാമിനിയുമായുള്ള പരസ്യ തര്‍ക്കത്തില്‍ അവിഹിത ബന്ധം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഗണേഷ് കുമാര്‍ രാജിവെച്ചത്. തുടര്‍ന്നാണ് ബാലകൃഷ്ണപിള്ളയ്ക്ക് പുതുതായി രൂപീകരിച്ച കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം ക്യാബിനറ്റ് പദവിയോടെ നല്‍കിയത്. രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ ചേരുന്നതോടെ മന്ത്രിമാരുടെ അനുവദനീയ എണ്ണമായ 21 തികയുന്നതിനാല്‍ പുന:സംഘടനയില്‍ കേരള കോണ്‍ഗ്രസി (ബി)ന് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

 

എന്നാല്‍, കോണ്‍ഗ്രസ് തീരുമാനത്തെ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും (എം) സ്വാഗതം ചെയ്തു. ചെന്നിത്തലയുടെ മന്ത്രിസ്ഥാനം തങ്ങളുമായി ആലോചിച്ചിരുന്നുവെന്ന് ലീഗ് ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതോടെ സമവാക്യങ്ങള്‍ കൃത്യമാകുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും പറഞ്ഞു.

 

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് മന്ത്രിയായാലും തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം. മന്ത്രിസഭയില്‍ സമുദായ സന്തുലനം പാലിക്കുന്നതിനായി രമേശ്‌ ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് നേരത്തെ സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു.