പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്ര രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി തായ് ലാന്‍ഡില്‍ നടന്നുവരുന്ന പ്രക്ഷോഭം ഞായറാഴ്ച വീണ്ടും ശക്തമായി. പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലി തലസ്ഥാനമായ ബാങ്കോക്കിനെ സ്തംഭിപ്പിച്ചു. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സ്റ്റേഡിയം പ്രക്ഷോഭകര്‍ വളഞ്ഞു ഉപരോധിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷിനവത്രയ്ക്കെതിരെ പ്രക്ഷോഭം പുനരാരംഭിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഷിനവത്ര രാജിവെക്കണമെന്നും രാഷ്ട്രീയ പരിഷ്കരണം നടത്തണമെന്നുമാണ് പ്രക്ഷോഭകരുടെ നിലപാട്. പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലിമെന്റില്‍ നിന്ന്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്‍പതിന് ഷിനവത്ര പാര്‍ലിമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഉപരോധിച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷിനവത്ര ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറായത്.
പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുന്ന തായ്-ജപ്പാനീസ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു പോലീസ് സ്റ്റേഷനില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതോടെ പോലീസ് സ്റ്റേഷനും പ്രക്ഷോഭകര്‍ വളഞ്ഞു. ഒന്നര ലക്ഷത്തോളം പേര്‍ ബാങ്കോക്കില്‍ റാലികളില്‍ പങ്കെടുക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍.
യിങ്ങ്ലക് ഷിനവത്രയുടെ സഹോദരനും പ്രധാനമന്ത്രിയുമായിരുന്ന താക്സിന്‍ ഷിനവത്രയെ 2006-ല്‍ സൈന്യം പുറത്താക്കിയത് മുതല്‍ തായ്ലാന്‍ഡില്‍ രാഷ്ട്രീയ സ്ഥിതി സംഘര്‍ഷ ഭരിതമാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടവ് ഒഴിവാക്കാന്‍ ദുബായിയില്‍ സ്വയം പ്രഖ്യാപിത പ്രവാസത്തില്‍ കഴിയുകയാണ് താക്സിന്‍. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് താക്സിനും യിങ്ങ്ലക്കിലൂടെ താക്സിന്റെ പിന്‍വാതില്‍ ഭരണമാണ് നടക്കുന്നതെന്ന് പ്രക്ഷോഭകരും ആരോപിക്കുന്നു.
തായ് ഗ്രാമപ്രദേശങ്ങളില്‍ പിന്തുണയുള്ള താക്സിന്റെ പാര്‍ട്ടി 2011-ല്‍ വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ വന്നത്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ 1992-ന് ശേഷം ഒറ്റ തെരഞ്ഞെടുപ്പും വിജയിച്ചിട്ടില്ല. എന്നാല്‍, തായ് ഉന്നത വര്‍ഗ്ഗവും മധ്യവര്‍ഗ്ഗവും ഗ്രാമീണ ദരിദ്ര ജനതയെ ലക്ഷ്യമിട്ടുള്ള താക്സിന്റെ ജനപ്രിയ നടപടികളെ എതിര്‍ത്തതോടെയാണ് രാഷ്ട്രീയ സംഘര്‍ഷം കനത്തത്.

