Skip to main content
ജോഹന്നാസ്ബര്‍ഗ്

obama and raul castro shake hands

 

നൂറിലധികം രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തില്‍ നെല്‍സണ്‍ മണ്ടേലയുടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങി. മണ്ടേലയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ച കുര്‍ബ്ബാന ചൊവ്വാഴ്ച നടന്നു. പതിനായിരക്കണക്കിന് പേര്‍ ജോഹന്നാസ്ബര്‍ഗിലെ നാല് സ്റ്റേഡിയങ്ങളില്‍ ഒരുക്കിയ സ്ക്രീനുകളില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.ഞായറാഴ്ചയാണ് ശവസംസ്കാര ചടങ്ങ്.

 

കഴിഞ്ഞ നൂറ്റാണ്ട് കണ്ട മികച്ച രാജ്യതന്ത്രജ്ഞരില്‍ ഒരാളായ മണ്ടേലയുടെ സംസ്കാര ചടങ്ങുകളും പ്രതീകാത്മക അനുരഞ്ജനത്തിന്റെ നിമിഷങ്ങള്‍ക്കും വഴി തുറന്നു. ശീതയുദ്ധ കാലത്തിന്റെ ശത്രുത ഇപ്പോഴും നിലനില്‍ക്കുന്ന യു.എസ്സിന്റേയും ക്യൂബയുടേയും പ്രസിഡന്റുമാര്‍ പരസ്പരം ഹസ്തദാനം ചെയ്തത് ഔപചാരികതയ്ക്കപ്പുറം മണ്ടേലയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയായി മാറി. എന്നാല്‍, ബാരാക് ഒബാമയുടേയും റൌള്‍ കാസ്ത്രോയുടേയും ഈ ഹസ്തദാനം യു.എസ്സില്‍ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

 

2000-ത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ വെച്ച് അന്നത്തെ പ്രസിഡന്റുമാരായിരുന്ന ബില്‍ ക്ലിന്റണും ഫിദല്‍ കാസ്ത്രോയും ഹസ്തദാനം ചെയ്തതിന് ശേഷം ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ തമ്മില്‍ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യ നിമിഷമാണിത്. അഞ്ചു പതിറ്റാണ്ടിലധികമായി രണ്ട് രാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങളില്ല.

 

വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഒബാമയുടെ നടപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റ് രാഷ്ട്രീയ കാര്യങ്ങള്‍ക്കല്ല പോയിരിക്കുന്നതെന്നും ഇതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും കാണേണ്ടതില്ലെന്നും വൈറ്റ്‌ഹൌസ്‌ പ്രതികരിച്ചു.

 

അതേസമയം, ക്യൂബയെ സംബന്ധിച്ചുള്ള യു.എസ് നയത്തില്‍ പുനരാലോചന വേണമെന്ന് ഒബാമ നേരത്തെ പ്രസ്താവിച്ചിരുന്നു. ക്യൂബയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിലും ഏതാനും ഇളവുകള്‍ ഒബാമ ഭരണകൂടം കൊണ്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സാധ്യതകള്‍ നിരീക്ഷകര്‍ കാണുന്നു.