Skip to main content
തിരുവനന്തപുരം

ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന ഫയല്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് കൈമാറി. എം.എസ്.പി.എല്‍ കമ്പനിക്ക് ഖനനാനുമതി നല്‍കിയതിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ കാക്കൂര്‍, മാവൂര്‍ എന്നിവിടങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കിയതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസായ വകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണു ഖനനത്തിന് അനുമതി നല്‍കിയത്. ചക്കിട്ടപ്പാറയില്‍ 406.45 ഹെക്ടറിലും മാവൂരില്‍ 53.93 ഹെക്ടറിലും കാക്കൂരില്‍ 281.22 ഹെക്ടറിലുമാണ് ഖനനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ എളമരം കരീം അഞ്ചു കോടി രൂപ കോഴ വാങ്ങിയാണ് അനുമതി നല്‍കിയതെന്ന വെളിപ്പെടുത്തല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല.

 

പശ്ചിമഘട്ടനിരകളിലെ പരിസ്ഥിതിലോല പ്രദേശത്ത് ഖനനം നടത്താനുള്ള തീരുമാനമാണ് വിവാദത്തിന് കാരണമായത്. ഇതേതുടര്‍ന്ന് 2009ല്‍ നല്‍കിയ പ്രാഥമികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചത്.

 

അതേസമയം സി.ബി.ഐ അന്വേഷണം തന്നെയാണ് വേണ്ടതെന്ന് കെ.പി.സി.സി അംഗം വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ചക്കിട്ടപ്പാറയിലെ ഖനനം അന്വേഷിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഫയല്‍ പരിശോധിച്ച ശേഷം എല്ലാ വശങ്ങളും പരിഗണിച്ചാകും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags