Skip to main content
ബീജിംഗ്

ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടയില്‍ വിപണി തുറന്നുകൊടുക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചൈന ഒരുങ്ങുന്നു. രാജ്യത്തെ ഉന്നതരാഷ്ട്രീയനേതാക്കള്‍ പങ്കെടുത്ത നിര്‍ണായക കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരം, സമ്പദ്ഘടനയിലെ സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങള്‍ക്കാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

 

പ്രസിഡന്‍റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തില്‍ കൃഷിഭൂമിയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വത്തവകാശം നല്‍കുമെന്നും വ്യക്തമാക്കി. കലാപങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ പൊതുമേഖലയാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്നും പറഞ്ഞു. 376 അംഗ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെയും നാലുദിവസം നീണ്ട സമ്മേളനത്തിനൊടുവിലാണ് ഈ പ്രഖ്യാപനം.

 

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മാത്രമല്ല രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുകയും ചെയ്തിരുന്നു.