Skip to main content
കൊച്ചി

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ കണ്ടത്തൊനാകുമെന്നും കോടതി പറഞ്ഞു.

 

ഫയാസിന് ജാമ്യം നല്‍കിയാല്‍ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് അട്ടിമറിക്കും. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. നാലു തവണയായി ഫയാസ് കടത്തിയത് 60 കിലോ സ്വര്‍ണമാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫയാസിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സി.ബി.ഐയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായില്ല.

 

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കിയതായി തെളിഞ്ഞതിനെത്തുടര്‍ന്ന്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി.

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഫയാസ് സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ജിക്കുമോനുമായി ഫയാസിന് ബന്ധമുണ്ടെന്നതിന്റെ രേഖകളും പുറത്തുവന്നിരുന്നു.