Skip to main content
കെയ്റോ

മുസ്ലീം ബ്രദര്‍ഹുഡ് തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈജിപ്ത് കോടതി തള്ളി. നിരോധനമേര്‍പ്പെടുത്തിയ സപ്തംബറിലെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ബ്രദര്‍ഹുഡ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി തള്ളിയത് രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടാണെന്നും ഇതിനുപിന്നില്‍ സൈനിക മേധാവികളാണെന്നും ആരോപിച്ച ബ്രദര്‍ഹുഡ് നേതാക്കള്‍ കോടതി വിധിക്കെതിരെ വീണ്ടും ഹര്‍ജി നല്‍കുമെന്നും അറിയിച്ചു.

 

കഴിഞ്ഞ മാസം 23-നാണ് മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനും സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ഈജിപ്ത് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം 85 കൊല്ലത്തോളം പ്രവര്‍ത്തന പരിചയമുള്ള മുസ്ലിം ബ്രദര്‍ഹുഡ് പാര്‍ട്ടി ഏറെക്കാലവും നിരോധനത്തിന്‍ കീഴിലായിരുന്നു.

 

ബുധനാഴ്ചത്തെ കോടതിവിധിയോടെ ബ്രദര്‍ഹുഡിനും രാഷ്ട്രീയവിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കും.