സാമുദായിക വിദ്വേഷമുളവാക്കുന്ന പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സാവകാശം നല്‍കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കമ്മീഷനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള രാജസ്താനിലും മധ്യപ്രദേശിലും രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളാണ് കമ്മീഷന്റെ നടപടിയ്ക്ക് വഴിതെളിച്ചത്. ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്ന്‍ കമ്മീഷന്‍ അയച്ച നോട്ടീസില്‍ തിങ്കളാഴ്ചക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.
ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഈയിടെ നടന്ന കലാപത്തിന്റെ ഇരകളെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ സമീപിച്ചതായാണ് രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലും രാജസ്താനിലെ ചുരുവിലുമാണ് ഈ പ്രസംഗങ്ങള്‍ നടത്തിയത്. മുസഫര്‍നഗര്‍ കലാപം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്നും ഇന്‍ഡോറില്‍ രാഹുല്‍ പ്രസംഗിച്ചിരുന്നു.
ഇത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ വിവിധ വകുപ്പുകള്‍ ലംഘിക്കുന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യു.പി സര്‍ക്കാറും നിരാകരിച്ചിരുന്നു.
