സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മൊഹമ്മദ് മൊര്‍സിയുടെ വിചാരണ തിങ്കളാഴ്ച കൈറോവില്‍ തുടങ്ങി. പ്രസിഡന്‍ഷ്യല്‍ പാലസിന് പുറത്ത് നടന്ന സംഘര്‍ഷത്തില്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതക പ്രേരണാ കുറ്റമാണ് മൊര്സിയ്ക്കും മറ്റ് 14 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
വിചാരണയ്ക്കെതിരെ മൊര്‍സിയുടെ അനുയായികള്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇതിനെ തുടര്‍ന്ന് രാജ്യമെങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മൊര്‍സിയുടെ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ജൂലൈ മൂന്നിന് സൈന്യം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയതെങ്കിലും പുതിയ ഭരണഘടന അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഇസ്ലാമിക വാദ നിലപാടുകള്‍ കോടതി അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളും പ്രതിപക്ഷവുമായും തുറന്ന ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
വീട്ടുതടങ്കലില്‍ കഴിയുന്ന മൊര്‍സിയെ ഹെലിക്കോപ്റ്ററിലാണ് പോലീസ് അക്കാദമിയിലെ വിചാരണക്കോടതിയിലേക്ക് എത്തിച്ചത്. തന്റെ അധികാരം വിപുലപ്പെടുത്തി മൊര്‍സി പുറപ്പെടുവിച്ച ഉത്തരവിനെതിരെ 2012 ഡിസംബര്‍ നാലിനും അഞ്ചിനും നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര് മരിച്ചിരുന്നു. ഈ സംഭവത്തിലാണ് മൊര്‍സി വിചാരണ നേരിടുന്നത്.
എന്നാല്‍, മൊര്‍സിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നൂറുകണക്കിന് പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അധികാരമേറ്റ താല്‍ക്കാലിക സര്‍ക്കാറും മുസ്ലിം ബ്രദര്‍ഹുഡിന് അടിച്ചമര്‍ത്തുന്ന നടപടികളാണ് കൈക്കൊണ്ടത്. ഇസ്ലാമിക വാദ നിലപാട് പുലര്‍ത്തുന്ന സംഘടനയെ സര്‍ക്കാര്‍ നിരോധിക്കുകയും ഒട്ടേറെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
