ബി.ജെ.പിയില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ രാം ജഠ്മലാനി നല്‍കിയ പരാതിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവരുള്‍പ്പെടുന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2014 ജനുവരി 30-നകം കാരണം കോടതിയെ ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മോഡിയും വാജ്‌പേയിയുമൊഴികെയുള്ള പാര്‍ലമെന്ററി ബോര്‍ഡിലെ അംഗങ്ങള്‍ ഓരോരുത്തരും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് ജഠ്മലാനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് ജഠ്മലാനിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചതാണ് ജഠ്മലാനിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കാരണം.
തന്നെ പുറത്താക്കാന്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡിന് അധികാരമില്ല എന്നാണ് അഭിഭാഷകന്‍ കൂടിയായ ജഠ്മലാനി പറയുന്നത്.