Skip to main content
വാഷിംഗ്‌ടണ്‍

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനും മറ്റ് ലോകനേതാക്കള്‍ക്കുമെതിരായ ഫോണ്‍ ചോര്‍ത്തല്‍ യു.എസ് അവസാനിപ്പിച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്ത പുറത്ത് വിട്ടു. ആഞ്ചെല മെര്‍ക്കലിന്റെ ഫോണ്‍ യു.എസ് സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എ ചോര്‍ത്തുന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. യു.എസ് ഫോണ്‍ ചോര്‍ത്തുന്ന വിവരം ആദ്യം പുറത്ത് വിട്ടത് എന്‍.എസ്.എ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്നോഡന്‍ ആയിരുന്നു.

 

എന്നാല്‍ ചില രാജ്യങ്ങളുടെ ഇന്റര്‍നെറ്റ്- ഫോണ്‍രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് തുടരുമെന്നും വാര്‍ത്തയില്‍ പറയുന്നു. 35 ലോകനേതാക്കളുടെ ഫോണ്‍ വര്‍ഷങ്ങളായി യു.എസ് ചോര്‍ത്തുന്നതായി സ്നോഡനാണ് പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ എത്ര പേരുടെ ഫോണ്‍ ചോര്‍ത്തലാണ് നിര്‍ത്തിയതെന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യക്തമാക്കുന്നില്ല. ഒരു മാസത്തിനിടയില്‍ ആറു കോടി ഫോണ്‍ സംഭാഷണങ്ങള്‍ എന്‍.എസ്.എ പരിശോധിച്ചതായി സ്നോഡന്‍ വ്യക്തമാക്കിയിരുന്നു.

 

മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തുന്ന വിവരം താന്‍ അറിഞ്ഞിരിന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നെന്നുമായിരുന്നു യു.എസ് പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നു.

 

ഇതിനിടെ നിരവധി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സ്പെയിന്‍ യു.എസ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി. നേരത്തേ ഫ്രാന്‍സും ജര്‍മനിയും അംബാസഡര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.