Skip to main content
ന്യൂഡല്‍ഹി

manmohan singhഅഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന റഷ്യ, ചൈന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് യാത്ര തിരിച്ചു. ചൈനയുമായുള്ള ചര്‍ച്ചയുടെ മുഖ്യ അജണ്ട അതിര്‍ത്തി സഹകരണ കരാര്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍, റഷ്യയുടെ സഹായത്തോടെ കൂടംകുളത്ത് നിര്‍മ്മിക്കുന്ന രണ്ട് ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കുറിച്ച് സന്ദര്‍ശനത്തിന് മുന്‍പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശമില്ല.

 

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പ് വരുത്തുന്നതിനുള്ള സമവായം ഇന്ത്യയും ചൈനയും പാലിക്കുന്നതായും തര്‍ക്കം പരിഹരിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലഡാക്ക് മേഖലയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന അതിര്‍ത്തി പ്രതിരോധ സഹകരണ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും സന്ദര്‍ശനത്തിനിടെ ഒപ്പ് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അഭൂതപൂര്‍വമായ സ്വീകരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ചൈന നല്‍കുന്നത്. ബുധനാഴ്ച പ്രസിഡന്റ് ശി ചിന്‍ഭിംഗ് നേരിട്ട് മന്‍മോഹന്‍ സിങ്ങിന്റെ ബഹുമാനാര്‍ഥമുള്ള വിരുന്നിന് ആതിഥേയത്വം വഹിക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ട്ടി സ്കൂളിനെയും മന്‍മോഹന്‍ സിങ്ങ് അഭിസംബോധന ചെയ്യും. മേയില്‍ ചൈനീസ് പ്രധാനമന്ത്രി ലി കെഛിയാങ്ങ്‌ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനത്തില്‍ ഇന്ത്യയില്‍ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  

 

2000 മുതല്‍ ഇന്ത്യയും റഷ്യയും തുടര്‍ച്ചയായി വാര്‍ഷിക ഉച്ചകോടി നടത്തിവരുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി തിങ്കളാഴ്ച മന്‍മോഹന്‍ സിങ്ങ് കൂടിക്കാഴ്ച നടത്തും. ഇരുവരുടേയും 14-ാമത് കൂടിക്കാഴ്ചയും മന്‍മോഹന്‍ സിങ്ങിന്റെ അഞ്ചാം മോസ്കോ സന്ദര്‍ശനവുമാണിത്. മോസ്കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സിങ്ങിന് ഡോക്ടറേറ്റ് ബഹുമതി സമ്മാനിക്കും.