Skip to main content
തിരുവനന്തപുരം

മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കി. രാജിക്കാര്യം അറിയിച്ചുള്ള കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് ചൊവ്വാഴ്ച രാവിലെയാണ് കൈമാറിയത്. എന്നാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയിട്ടില്ല.

 

ബുധനാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന കമ്മിറ്റിയില്‍ രാജിക്കാര്യം പരിഗണിക്കുമെന്നാണ് സൂചന. ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് ഗണേഷ് കുമാര്‍ രാജിസന്നദ്ധത അറിയിച്ച് കത്ത് കൈമാറിയത്.

 

അതേസമയം ഗണേഷിന്റെ രാജിക്കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പ്രതികരിച്ചു. തനിക്ക് രാജിക്കത്ത് ലഭിച്ചാല്‍ മാത്രമേ അദ്ദേഹം രാജി വച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കി. രാജിക്കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കാനില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. നാളെ ചേരുന്ന യോഗത്തിനു ശേഷം കാര്യങ്ങള്‍ വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ആണു ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജി വച്ചത്.

 

ചെറിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രിസ്ഥാനം തിരിച്ചു പിടിക്കാനാണ് ഗണേഷ് കുമാറിന്റെ ശ്രമമെന്നും ആരോപണമുണ്ട്.