Skip to main content
വാഷിംഗ്‌ടണ്‍

സര്‍ക്കാറിന്റെ ചെലവുകൾക്കായുള്ള  പണം ചിലവഴിക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ പാസാക്കാനാവാതെ വന്നതോടെ  യു.എസ് സര്‍ക്കാര്‍ താല്‍ക്കാലികമായി സ്തംഭനത്തില്‍. ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള പദ്ധതിയെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇതിനിടയാക്കിയത്. 17 വർഷത്തിനിടെ ആദ്യമായാണ് യു.എസ് സര്‍ക്കാര്‍ ഇത്തരം അവസ്ഥ നേരിടുന്നത്.

 

പ്രസിഡന്‍റ് ബരാക് ഒബാമയുടെ 1.9 ലക്ഷം കോടി രൂപയുടെ പദ്ധതിയായ ‘ഒബാമ കെയര്‍’ ആണ്  ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങള്‍ക്കുമിടയില്‍ ഭിന്നതക്ക് കാരണമായത്. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാകാതെ വന്നതോടെ ഏഴു ലക്ഷത്തോളം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരാണ് ഇതിന്റെ ഫലം അനുഭവിക്കുക. അവശ്യസേവനങ്ങളൊഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെഎല്ലാം പ്രവര്‍ത്തനം താല്‍കാലികമായി നിലക്കും.

 

പെന്‍ഷൻ, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും നിര്‍ത്തി വച്ചു. വിസ, പാസ്‌പോർട്ട് അപേക്ഷകള്‍ പാസാക്കുന്നതും തടസപ്പെടും.  തികച്ചും രാഷ്ട്രീയ ആവശ്യങ്ങൾക്കായി യു.എസ്സിനെ റിപ്പബ്ളിക്കനുകൾ 'തടവിലാക്കുന്നു' എന്നാണ് പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതിനെ കുറിച്ച് ഒബാമയുടെ അഭിപ്രായം. ആരോഗ്യരക്ഷാനിയമം നടപ്പിലാക്കുന്നത് ഒരുവര്‍ഷത്തേക്ക് നീട്ടിവെക്കുകയോ പദ്ധതി റദ്ദാക്കുകയോ ചെയ്താല്‍ ബില്ലിനെ അനുകൂലിക്കാമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ നിലപാട്.

 

ദേശീയോദ്യാനങ്ങളും മ്യൂസിയം ഉള്‍പ്പെടെയുള്ളവയും അടച്ചിടും. 1995 ഡിസംബര്‍ ആറുമുതല്‍ 1996 ജനവരി ആറുവരെയാണ് അമേരിക്കയിൽ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. അന്ന് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സര്‍ക്കാറും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മില്‍ ബഡ്ജറ്റിനെ തുടർന്നുണ്ടായ ഭിന്നതയായിരുന്നു പ്രതിസന്ധിക്ക് വഴിവച്ചത്.