Skip to main content
തിരുവനന്തപുരം

ഡാറ്റാ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ യു.ഡി.എഫില്‍ കടുത്ത അതൃപ്തി. സി.പി ഐ എമ്മിനെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എം.എല്‍.എ കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ടി.ജി നന്ദകുമാറിന് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു യു.ഡി.എഫ് തീരുമാനം.

 

മന്ത്രിസഭയുടെ തീരുമാനം നന്ദകുമാറിന് ചോര്‍ത്തി നല്‍കിയത് ഒരു മന്ത്രിയാണെന്നും ജോര്‍ജ് ആരോപിച്ചു. നന്ദകുമാറിന് മന്ത്രിസഭയില്‍ ഒരു ചാരനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ ആരും സഹായിചിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

 

കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണ്ടെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേയാണ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്. ഇതിനെതിരായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.