Skip to main content

പാലാ ബിഷപ്പിന് എതിരായ പി.ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും കെ.സുധാകരന്‍ പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവി പി.ചിദംബരം ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയിരുന്നു.

തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണ് ലവ് ജിഹാദ് എന്ന രാക്ഷസനെ ഉണ്ടാക്കിയത്. പുതിയ രാക്ഷസന്‍ നാര്‍ക്കോട്ടിക് ജിഹാദാണ്. പാലാ ബിഷപ്പാണ് നാര്‍ക്കോട്ടിക് ജിഹാദിന്റെ രചയിതാവ് എന്നത് എന്നെയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യരെയും വേദനപ്പിക്കുന്നുണ്ട്. സ്‌നേഹവും നാര്‍ക്കോട്ടിക്‌സും സത്യമാണെങ്കിലും അതിനോട് ജിഹാദ് എന്ന വാക്ക് ചേര്‍ക്കുന്നത് വികൃത ചിന്താഗതിയുടെ ഭാഗമാണ്,'' പി.ചിദംബരം പറഞ്ഞു. ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ചിദംബരം നാര്‍ക്കോട്ടിക്, ലവ് ജിഹാദ് ചര്‍ച്ചകളെ രൂക്ഷമായി വിമര്‍ശിച്ചത്

ഇത്തരം പ്രവൃത്തികള്‍ക്കെല്ലാം പിന്നില്‍ സ്പര്‍ദ ഉണ്ടാക്കലാണ് ലക്ഷ്യം. ഇത്തരം ഭ്രാന്തുകളെ മതേതര രാഷ്ട്രങ്ങള്‍ തള്ളിക്കളയണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിന് പിന്തുണ നല്‍കിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും ചിദംബരം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലവ് ജിഹാദിനെക്കുറിച്ചോ, നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ചോ ഉള്ള സംസാരം നിര്‍ത്തിപ്പിക്കണം. എന്നിട്ട് ഗുജറാത്തിലെ തുറമുഖത്തുനിന്ന് 3,000 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതിനെപ്പറ്റി സംസാരിക്കണം, എന്നായിരുന്നു ചിദംബരം അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാലാ ബിഷപ്പിനെ പിന്തുണച്ച് കെ.സുധാകരന്‍ രംഗത്തെത്തിയത്.

Tags