Skip to main content
കൊച്ചി

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം രാഷ്ട്രീയ സ്വാധീനവും മറ്റു പരിഗണനകളും നോക്കിയാണെന്ന പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 107 അഭിഭാഷകര്‍ ബുധനാഴ്ച നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് തള്ളിയത്.

 

രാഷ്ട്രീയ സ്വാധീനമാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തിന്‍റെ മാനദണ്ഡമെന്നും ഇത് കഴിവുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നതായും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കഴിഞ്ഞ വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അതേ ബെഞ്ചില്‍ തന്നെ 107 പ്ലീഡര്‍മാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാര്‍ അഭിഭാഷകരുടെ ആത്മവീര്യം തകര്‍ക്കുന്നതും ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്നതുമാണെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

അഭിഭാഷകര്‍ കഴിവ് കെട്ടവരാണെന്ന് പറഞ്ഞിട്ടില്ലെന്നും, ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ കേസ് നടത്തുന്നതില്‍ പല സര്‍ക്കാര്‍ അഭിഭാഷകരും വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ പല കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി. ഹൈക്കോടതിക്ക് ആവശ്യം കഴിവും ആത്മാര്‍തഥയുമുള്ള പ്ലീഡര്‍മാരെയാണ്. ഭൂരിഭാഗം സര്‍ക്കാര്‍ അഭിഭാഷകരും രാഷ്ട്രീയ പരിഗണനയിലാണു നിയമിതരാകുന്നതെന്നു കോടതി വ്യക്തമാക്കി.