Skip to main content

car servicing

കോഴിക്കോട്ടാണ് സംഭവം. സർവ്വീസ് സ്‌റ്റേഷൻ ഏതാണെന്നു പറയുന്നില്ല. സംഗതി അംഗീകൃത വിൽപ്പന സേവനദാതാക്കൾ തന്നെ. വീൽ ബാലൻസിങ്, ടയർ റൊട്ടേഷൻ, എല്ലാം ചെയ്യാമെന്ന് വണ്ടി പരിശോധിക്കാനെത്തിയ എക്‌സിക്യുട്ടീവ് പറഞ്ഞു. പറഞ്ഞതെല്ലാം നമ്മുടെ സുഹൃത്ത് മൊബൈലിൽ റെക്കാർഡ് ചെയ്യാൻ മറന്നില്ല.

 

വൈകീട്ട് വണ്ടി വാങ്ങാൻ ചെന്നു. കഴുകി വൃത്തിയാക്കി കുട്ടപ്പനാക്കിയിട്ടുണ്ട്. ‘എല്ലാ പണിയും ചെയ്തായിരുന്നോ സുഹൃത്തേ’. എക്‌സിക്യുട്ടീവിനോട് ചോദിച്ചു. ‘പിന്നേ എല്ലാം ഫെർഫെക്ടാണ് സാറേ.’ 4000 രൂപയുടെ ബില്ലും അയാൾ നീട്ടി.

 

ശരി നമുക്കൽപ്പം ഇരുന്നു സംസാരിക്കാം. എക്‌സിക്യുട്ടീവിനെ കസേരയിലിരുത്തി അയാളും അരികിൽ ഇരുന്നു. തന്റെ ബാഗിൽ നിന്നും ക്യാമറ പുറത്തെടുത്തു. മോണിറ്ററിൽ കാറിന്റെ ചിത്രം തെളിഞ്ഞു. ടയർ ഒന്നു സൂം ചെയ്തു. ‘ഈ മാർക്ക് കണ്ടോ സുഹൃത്തേ, ഇതു ഞാൻ വണ്ടി നിങ്ങൾക്കു തരുന്നതിന് തൊട്ടുമുമ്പ് എടുത്ത ഫോട്ടോയാണ്. ഇടതും വലതും മുന്നും പിന്നും ഓരോ മാർക്ക് ചെയ്താണ് ഞാൻ നിങ്ങളെ വണ്ടി ഏൽപ്പിച്ചത്. അതുപ്രകാരം നോക്കുമ്പോ നിങ്ങളിതിന്റെ ടയർ തൊട്ടിട്ടില്ല. ക്യാമറയിൽ ചിത്രം എടുത്ത സമയം കൃത്യമായിട്ടുണ്ട്’.

 

വിളറി കടലാസുപോലെയായ എക്‌സിക്യുട്ടീവിന്റെ മുഖത്ത് നോക്കി അയാൾ വീണ്ടും ചോദിച്ചു. ‘ഞാനിനി എന്താ ചെയ്യേണ്ടത്’.

 

‘സർ....’

 

അയാൾക്കൊന്നും പറയാനില്ലായിരുന്നു. 4000 രൂപയും തിരിച്ചുകൊടുത്ത് ഒരു സാഷ്ടാംഗ നമസ്‌കാരവും ചെയ്തയാൾ മേലോട്ട് പരാതി അയക്കരുതെന്ന് അപേക്ഷിച്ചുകൊണ്ടേയിരുന്നു.

 

ഇപ്പോൾ സുഹൃത്തിനെ ഈ സർവ്വീസ് സെന്ററിൽ നിന്ന് ഇടയ്ക്ക് വിളിക്കും, ‘നിങ്ങളുടെ വണ്ടി സർവ്വീസ് ചെയ്യാൻ സമയമായല്ലോ’ എന്നും പറഞ്ഞ്. ‘എന്റെ പൊന്നേ ഞാൻ എവിടെയെങ്കിലും കൊടുത്തോളാം. എന്നാലും അങ്ങോട്ടേക്കില്ലെ’ന്ന് മറുപടിയിൽ ഒതുക്കും.

 

പരിചയക്കാരായ മെക്കാനിക്കുകളേയേ അയാളിപ്പോൾ വണ്ടി ഏൽപ്പിക്കാറുള്ളു. പരിചയത്തിന്റെ പുറത്തെങ്കിലും ഓയിൽ ചെയ്‌ഞ്ചെല്ലാം ചെയ്യുമെന്നുള്ള വിശ്വാസത്തിൽ. വിശ്വാസം അതു തന്നെയാണെല്ലോ എല്ലാം. എന്തായാലും ഈ പൊടിക്കൈ ഒന്ന്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.

Tags